രമേശ് ചെന്നിത്തല നോവലിസ്റ്റാകുന്നു; ‘പ്രമേയം വെളിപ്പെടുത്തില്ല’, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നോവല്‍ എഴുതുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നോവല്‍ പൂര്‍ത്തിയാക്കുമെന്ന് മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ചെന്നിത്തല വെളിപ്പെടുത്തി.

പ്രമേയം വെളിപ്പെടുത്താനാവില്ലെന്നും രാഷ്ട്രിയമല്ല പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ നോവലുകളും വായിക്കാറുണ്ട്. മലയാള എഴുത്തുകളില്‍ പുതിയതായി ഇറങ്ങിയവയില്‍ ഏറ്റവും പ്രിയം ആനന്ദ് നീലകണ്ഠന്റെ രണ്ടു പുസ്തകങ്ങളാണ്. രാവണനെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം എഴുതിയ ‘Asura : tale of the vanquished, ‘Ajaya: Rise of Kali’ എന്നീ നോവലുകള്‍ ഏറെ ഇഷ്ടമായതാണ്. Asura : tale of the vanquished എന്ന പുസ്തകം വായന കഴിയുമ്പോഴേക്കും അത്രയും നാള്‍ മനസ്സില്‍ വില്ലനായി സങ്കല്പിച്ചിരുന്ന രാവണന്‍ നായക സ്ഥാനത്തെത്തിയിരുന്നു. ജയിച്ചവര്‍ ആത്യന്തികമായി ജയിച്ചവരല്ലെന്നും തോറ്റവര്‍ എന്നന്നേക്കുമായി തോറ്റവര്‍ അല്ലെന്നുമാണ് പുതിയ കാല നോവലുകളെക്കുറിച്ച് ചെന്നിത്തല മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളത്.

രാഷ്ടീയ – സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വായന അനിവാര്യമാണ്. അത് ഒഴിവാക്കിയുള്ള രാഷ്ട്രീയം അര്‍ത്ഥശൂന്യമാണ്. പുതിയ അറിവുകളാണ് നമ്മെ സജീവമാക്കുന്നത്. ഒരേ സമയം രണ്ട് പുസ്തകങ്ങള്‍ വായിക്കും. ചെന്നിത്തലയുടെ വായനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഇങ്ങനെ പോകുന്നു.

സ്വന്തമായി പുസ്തക പ്രസിദ്ധീകരണ ശാലയും ചെന്നിത്തലയ്ക്കുണ്ട്. ശ്രേഷ്ഠ എന്ന പേരിലറിയപ്പെടുന്ന ചെന്നിത്തലയുടെ പുസ്തക പ്രസിദ്ധീകരണശാലയുടെ ചുമതല മൂത്ത മകനാണ്. കെ.പി.സി.സി പ്രചരണ സമിതി ചെയര്‍മാനായ ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയും ഉണ്ട്. ഈ തിരക്കുകള്‍ക്കിടയിലും പുസ്തക വായന ചെന്നിത്തല മുടക്കാറില്ല. അതിനിടയിലാണ് നോവല്‍ എഴുത്തും. ചെന്നിത്തലയുടെ നോവലിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ-സാഹിത്യ ലോകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top