സ്ഫോടനം നടത്താന്‍ പ്രതി ഒരാഴ്ച കഫെയിലെത്തി സ്ഥിരമായി നിരീക്ഷിച്ചു; ബോംബ്‌ നിര്‍മ്മിച്ചതും രക്ഷപെടാന്‍ റൂട്ട്മാപ്പ് തയ്യാറാക്കിയതും അബ്ദുള്‍ മതീന്‍ താഹയെന്ന് എന്‍ഐഎ

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. സ്ഫോടനം ആസൂത്രണം ചെയ്തത് ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ മതീന്‍ താഹയെന്ന് എന്‍ഐഎ. സ്ഫോടനത്തിന് മുന്‍പ് ഒരാഴ്ചയോളം താഹ വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഥിരമായി എത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ മുസാവിര്‍ ഹുസൈന്‍ ഷാസിബിനെയും മുസമ്മിൽ ഷെരീഫിനെയും ചേര്‍ത്ത് സ്ഫോടനത്തിന് പദ്ധതിയിട്ടത് താഹ തന്നെയാണ്. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ എത്തിച്ചതും മറ്റ് നിര്‍ദേശങ്ങള്‍ നല്കിയതും ഇയാള്‍ ആണെന്ന് എന്‍ഐഎ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തശേഷം 10 ദിവസത്തെ ചോദ്യംചെയ്യലിനായി ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കുകയാണ് എന്‍ഐഎ.

മുസാവിര്‍ ഹുസൈന്‍ ഷാസിബ് കഫെയിലെത്തി ബോംബ്‌ വച്ചശേഷം രക്ഷപെട്ടത് താഹ നല്‍കിയ നിര്‍ദേശപ്രകാരമുള്ള റൂട്ട്മാപ്പിലൂടെയാണ്. അന്വേഷണസംഘത്തെ വഴിതിരിക്കാന്‍ പല ബസ്സുകള്‍ മാറിക്കയറിയതും സംസ്ഥാനങ്ങള്‍ കടന്നതും താഹയുടെ പ്ലാന്‍ അനുസരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി. ബെല്ലാരിയില്‍ നിന്ന് തമിഴ്നാട്ടിലേക്കും അവിടുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും മുസാവിര്‍ സഞ്ചരിച്ചു. ഇതിനുപിന്നാലെയാണ് ഇരുവരും പശ്ചിമ ബംഗാളിലേക്ക് കടന്നത്. വ്യാജപേരുകളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ബംഗാളിലെ പൂര്‍വ മേദിനിപ്പൂരില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.

മാര്‍ച്ച് 1നാണ് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫെയില്‍ സ്ഫോടനം നടന്നത്. കഫെയിലെ ജീവനക്കാരും ആഹാരം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. മുസാവിര്‍ കഫേയില്‍ എത്തി ബാഗ് ഉപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ ബാഗിലുണ്ടായ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബോംബ്‌ വച്ചശേഷം മുസാവിര്‍ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. പ്രതികള്‍ക്ക് സെൽ ഫോണുകൾ, വ്യാജ സിം കാർഡുകൾ എന്നിവ നല്‍കി സഹായിച്ച  മുസമ്മിൽ ഷെരീഫിനെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top