കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി എന്‍ഐഎ; ചോദ്യം ചെയ്തശേഷം മാത്രം അറസ്റ്റ്; നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ എന്‍ഐഎ പിടികൂടി. ഷാബിര്‍ എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. സിസിടിവിയിലൂടെ ലഭിച്ച നിര്‍ണ്ണായക ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ബല്ലാരിയില്‍ നിന്ന് പിടികൂടിയ ഷാബിറിനെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകുകയുള്ളൂ എന്ന് എന്‍ഐഎ വ്യക്തമാക്കി.

അടുത്തിടെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് 1ന് വൈറ്റ്ഫീല്‍ഡിലെ കഫെയുടെ അടുത്ത് ബസിറങ്ങി ഭക്ഷണത്തിന് ഓർഡർ നൽകിയശേഷം ശുചിമുറിക്കടുത്ത് കയ്യിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് സിസിടിവിയില്‍ വ്യക്തമായിരുന്നു. ഇയാള്‍ കടയിൽ നിന്നിറങ്ങി ഒരു മണിക്കൂർ പിന്നിട്ടശേഷമാണ് സ്ഫോടനം നടന്നത്.

വിവിധ ബസുകളില്‍ മാറിക്കയറി തുമക്കുരുവിലെത്തിയ ഇയാള്‍ പിന്നീട് വസ്ത്രം മാറി ഒരു ആരാധനാലയത്തില്‍ പ്രവേശിച്ചിരുന്നു. അവസാനമായി ഇയാള്‍ സഞ്ചരിച്ചത് ബല്ലാരിയിലേക്കാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബല്ലാരി, ശിവമൊഗ്ഗ, തുടങ്ങിയ സ്ഥലങ്ങളിലെ നിരവധിപ്പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ജയിലില്‍ കഴിയുന്ന പല കുറ്റവാളികളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ബെല്ലാരിയിലെ കൗൾ ബസാറില്‍ തുണിക്കട നടത്തുന്ന വ്യാപാരിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാബിറിനെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top