കണ്‍സ്യൂമര്‍ഫെഡിന് റമസാന്‍- വിഷു ചന്തകള്‍ നടത്താം; തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ധനസഹായം വിലക്ക് തുടരും

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന് റമസാന്‍- വിഷു ചന്തകള്‍ നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. ഉത്സവചന്തയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി പരിഷ്ക്കരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ചന്തകള്‍ സര്‍ക്കാരിന്റേതെന്ന രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രചാരണം പാടില്ലെന്നും സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കഴിയുംവരെ തുടരുമെന്നും കോടതി അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാരിനെ സമീപിക്കാമെന്നാണ് കോടതി നിര്‍ദേശം. ഏതെങ്കിലും വിധത്തിൽ ചട്ടലംഘനം ഉണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

കഠിനമായ കാലാവസ്ഥയാണ്. ജനങ്ങളുടെ കൈയില്‍ പണമില്ല. ക്ഷേമപെന്‍ഷനും ഭാഗികമായാണ് ലഭിക്കുന്നത്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കി, ഇത്തരമൊരു സഹായം ജനങ്ങള്‍ക്ക് ലഭിക്കുന്നത് തടയുന്നില്ലെന്ന് കോടതി പറഞ്ഞു. ഉത്സവചന്ത മുടക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റം പറയാനാകില്ല. ചന്ത തുടങ്ങുന്നതില്‍ അല്ല അതിനായി തിരഞ്ഞെടുത്ത സമയമാണ് അസ്വസ്ഥപ്പെടുത്തുന്നത്. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത്‌ വോട്ട് പിടിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. 13 ഭക്ഷ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നു എന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ പ്രചാരവേല നടത്തുന്നതാണ് കമ്മിഷന്‍ ചോദ്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

റമസാന്‍- വിഷു ചന്ത അഞ്ച് കോടി വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. അതിനാലാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ജനങ്ങളെ സ്വാധീനിക്കാനുള്ള ഭരണകക്ഷികളുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അത് മാതൃക പെരുമാറ്റ ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top