ഭാര്യയ്ക്ക് ഇഷ്ടമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ടു; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ രണ്ടു കോടതി വിധികളാണ് രാജ്യത്തെ വിവിധ കോടതികളിൽ നിന്ന് ഈയാഴ്ച ഉണ്ടായത്. ഭാര്യയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ട ഭർത്താവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതാണ് അതിൽ പ്രധാനം. ദമ്പതികൾ തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ചരിത്രത്തിൽ നിർണായകമാകും ഈ കേസെന്നാണ് കരുതുന്നത്.
ഒമ്പത് വർഷത്തിലേറെ നീണ്ട വിചാരണയ്ക്ക് ശേഷം റാഞ്ചിയിലെ പ്രാദേശിക കോടതിയാണ് രൺധീർ എന്ന യുവാവിനെ ശിക്ഷിച്ചത്. സെപ്റ്റംബർ 30ന് ഇയാൾക്കുള്ള ശിക്ഷ കോടതി വിധിക്കും. 2015-ൽ ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് രൺധീറിനെതിരെ പോലീസ് കേസെടുത്തത്. 2016ൽ രൺധീറിനെതിരെ യുവതി സ്ത്രീധന പീഡനപരാതിയും നൽകി. അന്വേഷണത്തിൽ ഇയാൾക്കെതിരെ പോലീസ് തെളിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ ആഴ്ച ആദ്യം മറ്റൊരു കേസിൽ വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത മകനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ 36കാരൻ ആബിദിനെയാണ് ശിക്ഷിച്ചത്. പിഴയായി 51000 രൂപ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം.
വളര്‍ത്തുമൃഗങ്ങൾക്ക് തീറ്റ ശേഖരിക്കാനായി 60കാരിയായ അമ്മയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവച്ചാണ് ഇയാൾ അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണമെന്നും പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും അമ്മയെ പ്രതി ഭീഷണിപ്പെടുത്തി. എന്നാൽ പീഡനവിവരം അമ്മ അയൽവാസികളോട് പറയുകയും ഇവർ ഇളയ മകനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here