കോടതിയിലും ബലംപിടിച്ച് രഞ്ജിത് ശ്രീനിവാസൻ വധക്കേസ് പ്രതികൾ; മുഖം മറയ്ക്കാൻ നിരന്തരം ശ്രമിച്ചു; കർശനമായി ഇടപെടേണ്ടി വന്നുവെന്ന് വിധിന്യായത്തിൽ കോടതി
കോടതിയെ മുഖം കാണിക്കാൻ തയ്യാറാകാതെ രഞ്ജിത് ശ്രീനിവാസൻ വധക്കേസ് പ്രതികൾ. സാക്ഷി വിസ്താരവേളയിൽ പ്രതികൾ കാട്ടിയ നിഷേധാത്മക സമീപനം വിധിന്യായത്തിൽ എടുത്തുപറഞ്ഞ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. കോടതിയുടെ കർശന ഇടപെടലിന് ശേഷമാണ് മുഖം മറച്ചിരുന്ന മാസ്കും തുണികളും നീക്കാൻ ഇവർ തയ്യാറായതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാക്ഷികളാൽ തിരിച്ചറിയപ്പെടാതിരിക്കാൻ പ്രതികൾ കൂട്ടായി സ്വീകരിച്ച തന്ത്രമായിരുന്നു ഇത്. “തിരിച്ചറിയൽ പൂർത്തിയാകുന്നത് വരെയും വസ്ത്രധാരണത്തിലും എല്ലാവരും നിഷ്ഠ പുലർത്തി. നീളൻ കയ്യുള്ള വെള്ള ഷർട്ടും വെള്ള ധോത്തിയും ഒരുപോലെ എല്ലാവരും ധരിച്ചു”. വിധിയിൽ കോടതി പറയുന്നു. ഔദ്യോഗികമായ തിരിച്ചറിയൽ പരേഡിന് മുൻപ് തന്നെ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സാക്ഷികളെ എത്തിച്ച് പ്രതികളെ പ്രദർശിപ്പിക്കാൻ പോലീസ് ശ്രമിച്ചു എന്ന് പ്രതിഭാഗം ആരോപിച്ചതിന് മറുപടിയായാണ് കോടതി ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരെ അപേക്ഷിച്ച് നിയമത്തെക്കുറിച്ചും സ്വന്തം അവകാശങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ളവരാണെന്നും പോപ്പുലർ ഫ്രണ്ടുകാരായ പ്രതികളെക്കുറിച്ച് കോടതി പറഞ്ഞു.
ഇങ്ങനെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ കോടതി നടപടിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ കോടതി നടപടി പൂർണമായും ശരിവെച്ച ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here