സെക്രട്ടേറിയറ്റിന് മുന്നിലെ രണ്ടുമാസം സമരം വൃഥാവിലായി; സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് തീരും; സർക്കാർ തീർത്തും അവഗണിച്ചതിൽ ഹതാശരായി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: മുഖ്യമന്ത്രി ഒരു കൂടിക്കാഴ്ചയ്ക്ക് പോലും സമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് നിരാശയില്‍ സമരം അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികള്‍. സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ ദുര്യോഗം. ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണെങ്കിലും അനുകൂലമായ ഒരു നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായില്ല.

വിവിധ പ്രതിഷേധത്തിന്റെ ഭാഗമായി മണ്ണ് തിന്നതും മുട്ടിലിഴഞ്ഞതും ശയനപ്രദക്ഷിണം നടത്തിയതുമൊക്കെ വെറുതെയായി എന്ന തോന്നലിലാണ് ഉദ്യോഗാര്‍ത്ഥികള്‍. അറുപതോളം ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരമാണ് ഒരു തീരുമാനവും ഇല്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നത്.

ഏഴു ബറ്റാലിയനുകളിലായി 14000 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധിയാണ് ഇന്ന് അവസാനിക്കാന്‍ പോകുന്നത്. ലിസ്റ്റില്‍ നിന്നും 32 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. എഴുപത് ശതമാനത്തോളം നിയമനം നടക്കേണ്ടിയിരുന്ന ലിസ്റ്റില്‍ നിന്നാണ് ഇത്രയും കുറവ് നിയമനം നടന്നത്. സിപിഒ റാങ്ക് ലിസ്റ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ഇനിയൊരു സിപിഒ പരീക്ഷ എഴുതാന്‍ പോലും ഇവരില്‍ പലരേയും പ്രായം അനുവദിക്കുന്നുമില്ല. നിസഹായമായ അവസ്ഥയിലാണ് ഇവര്‍ക്ക് സമരം അവസാനിപ്പിക്കേണ്ടി വരുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12നാണ് ലിസ്റ്റ് നിലവില്‍ വന്നത്. ഈ ഏപ്രില്‍ 12ന് കാലാവധി അവസാനിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷമല്ല അഞ്ച് വര്‍ഷമാണ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത്. 2019ലാണ് വിജ്ഞാപനം ഇറങ്ങിയത്. കൊവിഡ് കാരണം നീണ്ടു പോയതാണ്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അവസാനം കായിക പരീക്ഷയും ഇവയെല്ലാം പാസായാണ് ഇവര്‍ റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയത്.

സിപിഒ റാങ്ക് ലിസ്റ്റില്‍ ആശാവഹമായി ഒന്നും സംഭവിച്ചില്ല. സമരം വെറുതെയായ അവസ്ഥയിലായി- കേരള പോലീസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബി.അനന്തു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഇത്രയും ദിവസം സമരമിരുന്നത്. ഇന്ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന കാര്യം എല്ലാവരുമായി കൂടിയാലോചിക്കണം.” – അനന്തു പറഞ്ഞു.

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നിന്നു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കെ ഞങ്ങളുടെ ആവശ്യത്തോട് അനുകൂലമായ ഒരു പ്രതികരണവും സര്‍ക്കാര്‍ നടത്തിയില്ല. സമരം അവസാനിപ്പിക്കുകയല്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല- സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരുന്ന എസ്.ജിതേന്ദ് പറഞ്ഞു. “35 ശതമാനം നിയമനം നടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും എനിക്ക് നിയമനം ലഭിക്കുമായിരുന്നു. പക്ഷെ ഇത്രയും കുറച്ച് നിയമനങ്ങള്‍ മാത്രം വന്നപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ ഒട്ടനവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായി.” – ജിതേന്ദ് പറഞ്ഞു.

ഈ സമയത്തും കുറേക്കൂടി ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ തയ്യാറായാല്‍ കുറച്ചുപേര്‍ക്ക് കൂടി ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. സമരത്തെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചതിനാല്‍ അത്തരമൊരു നീക്കം ഉണ്ടാവുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top