പീഡനക്കേസ് പ്രതിക്ക് സിപിഎം ഒത്താശ ചെയ്തെന്ന് ഇരയുടെ ബന്ധു; സജിമോനെ തിരിച്ചെടുത്തതിൽ പ്രതിഷേധം
സ്ത്രീ സുരക്ഷയെക്കുറിച്ച് കൊട്ടിഘോഷിച്ച് സർക്കാർ പ്രചരണം നടത്തുന്നതിനിടയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ പീഡനക്കേസ് പ്രതിയെ സിപിഎമ്മിലേക്ക് തിരിച്ചെടുത്തത് സർക്കാരിന്‍റെ സ്ത്രീ സൗഹൃദ നിലപാടുകൾക്ക് തന്നെ തിരിച്ചടിയായി. പീഡന-ആൾമാറാട്ടക്കേസുകളിൽ പ്രതിയായ സിപിഎം നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തതിന് എതിരെ പീഡനത്തിനിരയായ യുവതിയുടെ സഹോദരൻ രംഗത്ത് വന്നതാണ് പാർട്ടിയേയും സർക്കാരിനേയും സമ്മർദ്ദത്തിലാക്കുന്നത്.
പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് തിരുവല്ല ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന സി.സി.സജിമോനെ പാർട്ടി പുറത്താക്കിയിരുന്നു. പീഡനക്കേസിൽ പ്രതിയായതിനെ തുടര്‍ന്ന് പോലീസിൽ പിടികൊടുക്കാതെ ഇയാളെ രണ്ട് മാസത്തോളം പാർട്ടി ഓഫിസിൽ ഒളിപ്പിച്ച് താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തെന്ന് സഹോദരൻ ആരോപിച്ചു. സജിമോൻ തനിക്കെതിരെ വധഭീഷണിയുമായി നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൺട്രോൾ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് സജിമോനെ സിപിഎമ്മിൽ തിരിച്ചെടുത്തത്.
വിവാഹിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന 2017ലെ കേസിലാണ് സജിമോന്റെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തത്. 2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കൊണ്ടു പോയി ലഹരി നൽകി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. രണ്ട് കേസുകളിലും കോടതിയുടെ അന്തിമവിധി വരും മുൻപാണു സജിമോനെ തിരിച്ചെടുക്കുന്നത്. പ്രാഥമിക അംഗത്വം വീണ്ടും നൽകിയതിനു പുറമേ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റവും നൽകിയതിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സജിമോനെ തിരികെ എടുത്തതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം കൈയാങ്കളിയിൽ കലാശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. സജിമോനെതിരെ തിരുവല്ല നഗരത്തിൽ പലയിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here