സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിനും രൂക്ഷവിമര്‍ശനം
നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബലാത്സംഗക്കേസില്‍ സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം. അതിക്രമത്തിനിരയായി എന്നുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചെന്നാണ് കോടതി കുറ്റപ്പെടുത്തിയത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി തുടങ്ങി. അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. ലുക്ക് ഔട്ട് നോട്ടിസും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ സിദ്ദിഖ് മുങ്ങിയിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2016ൽ പീഡിപ്പിച്ചു എന്നാണ് വെളിപ്പെടുത്തല്‍. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here