മുകേഷിനെതിരെ നൽകിയ നടിയുടെ പീഡന പരാതി തെളിഞ്ഞെന്ന് കുറ്റപത്രം; നടനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ

ചലച്ചിത്ര നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരായ ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ ആരോപിച്ചിച്ചിരുന്നത്.
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് തെളിവായിട്ടുള്ളത്. ഇതു കൂടാതെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
മുകേഷിനെതിരെ പീഡനത്തിന് പുറമെ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മുൻകൂർ ജാമ്യമുള്ളതിനാൽ നടപടിക്രമങ്ങൾക്കുശേഷം വിട്ടയക്കുകയായിരുന്നു.
പതിനാല് വർഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്‍റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയിൽ ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്‍റെ ഉൾപ്പെടെ രേഖകളും നടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here