വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ല; ബലാൽസംഗക്കേസ് നിഷ്കരുണം തള്ളി മധ്യപ്രദേശ് ഹൈക്കോടതി

“മൂന്ന് മാസമായി വീരേന്ദ്ര യാദവുമായി അടുപ്പത്തിലായിരുന്നു. ഭർത്താവില്ലാത്ത സമയത്തെല്ലാം അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്തെല്ലാം പരസ്പര സമ്മതോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു….” ബലാൽസംഗ കേസിൽ ഒരുവർഷം ജയിലിൽ കിടക്കേണ്ടി വന്നയാൾക്കെതിരെ പരാതിക്കാരി നൽകിയ മൊഴിയിലെ ഈ വാചകങ്ങൾ എടുത്ത് ഉദ്ധരിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള ഇക്കാര്യങ്ങൾ പരിഗണിച്ചാൽ തന്നെ കേസ് നിലനിൽക്കില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.
ഒരിക്കൽ പോലും ബലാൽക്കാരമായോ ഭീഷണിപ്പെടുത്തിയോ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയതായും മൊഴിയുണ്ട്. ഇതെല്ലാം കണക്കിലെടുത്താൽ ഇത്തരം പരാതികൾ മുളയിലെ നുള്ളേണ്ടതാണെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളൊന്നും കേസിൽ ഉണ്ടായിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുമെന്നും ജസ്റ്റിസ് മനീന്ദർ എസ് ഭട്ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൂർണസമ്മതത്തോടെയാണ് പരാതിക്കാരി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും യാതൊരുവിധ വാഗ്ദാനങ്ങളും നല്കിയിട്ടില്ലെന്നും യാദവ് കോടതിയെ ബോധിപ്പിച്ചു. ബന്ധം തുടർന്ന കാലഘട്ടത്തിൽ ഒരിക്കൽ പോലും വ്യാജ വാഗ്ദാനങ്ങൾ നല്കി ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്ന് കോടതിക്കും ബോധ്യമായി. അതുകൊണ്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ല. വീരേന്ദ്രർ യാദവിനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം റദ്ദാക്കി പ്രതിയെ ഉടനടി വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here