ഹരിയാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബലാത്സംഗവീരൻ ഗുർമീത് റാം റഹിമിന് പരോൾ; പുറത്തുവിടുന്നത് കോൺഗ്രസിൻ്റെ എതിർപ്പ് തള്ളി

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ് പരോളിൽ പുറത്തിറങ്ങി. ഹരിയാനയിലെ റോഹതക്കിലെ സുനാരിയ ജയിലിൽനിന്നും 20 ദിസത്തെ പരോളിലാണ് ഗുർമീത് പുറത്തിറങ്ങിയത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ബർണാവയിലുള്ള ദേരാ ആശ്രമത്തിലാണ് പരോൾ കഴിയുന്നതുവരെ ഗുർമീത് താമസിക്കുകയെന്നാണ് വിവരം.
ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുർമീതിന് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പു സമയത്ത് ഗുര്‍മീതിന് പരോൾ നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കാരണമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കയച്ച കത്തില്‍ ഹരിയാന പ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് പരോൾ അനുവദിക്കുന്നത് എന്നാണ് ഹരിയാന സർക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ രണ്ടു വർഷ കാലയളവിനിടെ ഇത് 10-ാമത്തെ തവണയാണ് ഗുർമീതിന് പരോൾ അനുവദിക്കുന്നത്. 2023 ൽ നവംബറിൽ 21 ദിവസവും ജൂലൈയിൽ 30 ദിവസവും ജൂണിൽ 40 ദിവസവും ഗുർമീതിന് പരോൾ അനുവദിച്ചിരുന്നു. 2022 ൽ ഒക്ടോബറിൽ 40 ദിവസവും ഫെബ്രുവരിയിൽ 21 ദിവസവുമായി പരോൾ ലഭിച്ചത്.
ഇത്തവണ തന്റെ പിതാവ് മഘാർസിങ്ങിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് ഗുമീത് പരോൾ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ അഞ്ചിനാണ് മഘാർ സിങ്ങിന്റെ ചരമദിനം. ഹരിയാന തിരഞ്ഞെടുപ്പും അതേ ദിവസമാണ്. ഹരിയാനയിലെ സിർസയിലുള്ള ആശ്രമത്തിൽ വെച്ച് 2017ൽ തൻ്റെ ശിഷ്യരായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീതിനെ തടവിന് ശിക്ഷിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here