‘തങ്കമണി’യിലെ ബലാത്സംഗ രംഗം നീക്കണം; ദിലീപ് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തങ്കമണി സ്വദേശി

റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം ‘തങ്കമണി’ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാൽസംഗ രംഗം അപകീർത്തികരമാണ് എന്നാണ് ആരോപണം. ഇത് നീക്കം ചെയ്യണമെന്നാണ് തങ്കമണി സ്വദേശി വി.ആര്‍.ബിജു ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന ഒരു സംഘർഷവും തുടർന്നുണ്ടായ പോലീസ് നടപടിയുമാണ് സിനിമയുടെ ഇതിവൃത്തം. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്‍റെ ടീസറില്‍ പോലീസുകാര്‍ സ്ത്രീകളെ ആക്രമിക്കുന്ന രംഗങ്ങള്‍ ഉണ്ട്. പോലീസിനെ ഭയന്ന് പുരുഷന്മാര്‍ ഒളിച്ചിരിക്കുമ്പോഴാണ് ഇത്. ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും യഥാര്‍ത്ഥ സംഭവത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ച് അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കും.
എലൈറ്റ് എന്ന ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കമാണ് പോലീസ് നരനായാട്ടിലേക്ക് നയിച്ച് തങ്കമണി സംഭവമെന്ന പേരിൽ അറിയപ്പെടുന്നത്. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആർ.ബി.ചൗധരിയും റാഫി മതിരയും ചേർന്നാണ് നിർമാണം. നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here