ബലാത്സംഗം ചെയ്താൽ 10 കോടി; തൃണമൂൽ എംപിയുടെ 11കാരി മകൾക്ക് കടുത്ത ഭീഷണി

കൊൽക്കത്തയിൽ 31കാരി ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ആണ് പ്രതിസ്ഥാനത്ത്. ഇതിനിടയിലാണ് തൃണമൂൽ കോൺഗ്രസ് എംപിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ 11കാരിയായ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർന്നിരിക്കുന്നത്. മമത ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജി പാർട്ടിയിലെ രണ്ടാമനാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിയിലാണ് മൈനറായ കുട്ടിക്കെതിരെ ബലാത്സംഗ ഭീഷണി ഉയർന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇതിൻ്റെ വീഡിയോ അടിസ്ഥാനമാക്കി പശ്ചിമ ബംഗാൾ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. “ബാനർജിയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു, അത് ചെയ്യുന്നവർക്ക് 10 കോടി പാരിതോഷികം പ്രഖ്യാപിക്കുന്നു”. ഇങ്ങനെ കടുത്ത നീക്കമാണ് വീഡിയോയിൽ പ്രഖ്യാപിക്കുന്നത്, കമ്മിഷൻ പറയുന്നു.

“ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വിയോഗത്തിൽ സംസ്ഥാനം മുഴുവൻ ദുഃഖിക്കുമ്പോൾ, അതിനു പകരം വീട്ടാനായി മറ്റൊരു ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നത് നിയമലംഘനമാണ്. ഇതിനെതിരെ കടുത്ത നടപടികൾ എടുത്തില്ലെങ്കിൽ സമൂഹത്തിന് അപകടകരമായ സന്ദേശം നൽകും. ഈ നീക്കം പ്രായപൂർത്തിയാകാത്ത എല്ലാ പെൺകുട്ടികളെയും അപകടത്തിലാക്കും,” കമ്മീഷൻ വിശദീകരിച്ചു.

പോക്‌സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുക്കാൻ പോലീസിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ രണ്ട് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top