15 കാരിയെ ക്രൂര പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിയ്ക്ക് 52 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന 15 കാരിയെ ക്രൂര പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി മുടവൻമുകൾ പ്രഭാത് കുമാർ എന്ന പ്രഭൻ(64 ) ന് 52 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നുമാസവും കഠിനതടവ് കൂടുതല്‍ അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ വിധിയില്‍ പറഞ്ഞു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വിധിയിലുണ്ട്.
2013 ജനുവരി 10 നാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ടിവി കാണുമ്പോള്‍ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി നിലവിളിച്ചെങ്കിലും ആരും അറിഞ്ഞില്ല. വായിലും കഴുത്തിലും മുറിവേറ്റിരുന്നു. കുട്ടിയുടെ അമ്മയും മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ 85 വയസ്സ് പ്രായമുള്ള അമ്മൂമ്മയാണ് കാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത ദിവസവും പ്രതി രാത്രി വീട്ടിൽ കയറിയപ്പോൾ അമ്മൂമ്മ വെട്ടുകത്തിയെടുത്ത് വെട്ടാൻ ഓങ്ങിയപ്പോൾ ഓടി രക്ഷപ്പെട്ടു. സ്കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറെ അറിയിച്ചത്. പീഡനം മനസിലാക്കിയ സ്കൂള്‍ അധികൃതരാണ് പൂജപ്പുര പോലീസില്‍ വിവരം അറിയിച്ചത്.
വിചാരണ വേളയിൽ കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്. അതിനാൽ വിചാരണ ദിവസങ്ങള്‍ നീണ്ടു. ഗോപി എന്ന ഓട്ടോ ഡ്രൈവർ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. ഈ പ്രതി കുട്ടിയുടെ അമ്മയെയും പീഡിപ്പിച്ചിട്ടുണ്ട്. വിചാരണവേളയിൽ ഈ പ്രതി മരണപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here