ആറുവയസുകാരി ദളിത് പെണ്‍കുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; ആഞ്ഞെറിഞ്ഞു; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ആറുവയസുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും ലീഗല്‍ സര്‍വീസസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ജഡ്ജി ആര്‍.രേഖ വിധി ന്യായത്തില്‍ പറഞ്ഞു.
2021 നവംബര്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി ആറ് വയസുകാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ടെത്തിയ അമ്മ ബഹളം വെച്ചു. നാട്ടുകാരെത്തിയപ്പോള്‍ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതിയെ ഭയന്ന് വീട്ടുകാര്‍ പരാതി നല്‍കാന്‍ മടിച്ചപ്പോള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകനാണ് വീട്ടുകാര്‍ക്കൊപ്പം പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയെന്ന് അറിഞ്ഞ പ്രതി പെണ്‍കുട്ടിയുടെ വീട്ടുകാരെ മര്‍ദിക്കുകയും പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിചാരണയ്ക്കിടെ തനിക്കെതിരേ മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അതിജീവിതയും വീട്ടുകാരും പ്രതിക്കെതിരേ മൊഴി നല്‍കി. പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കേസിന്റെ വിചാരണ നടത്തിയത്.
ഇരുപതിലധികം കേസുകളില്‍ പ്രതിയായ മിഥുനെ ആദ്യമായാണ് ശിക്ഷിക്കുന്നത് . മോഷണം, മയക്കുമരുന്ന് വില്‍പ്പന, ബലാത്സംഗം, അടിപിടി, പിടിച്ചുപറി തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ മാത്രം പത്ത് കേസുകളുണ്ട്. പള്ളിക്കല്‍,വര്‍ക്കല, പരവൂര്‍, കൊട്ടിയം, കിളിമാനൂര്‍, ചടയമംഗലം, വര്‍ക്കല സ്റ്റേഷനുകളിലും കേസുകളുണ്ട്. കാപ്പ നിയമപ്രകാരവും പ്രതി തടവ് അനുഭവിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here