സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം; സംഭവിച്ചത് പ്രദേശത്തെ മാറ്റിമറിക്കുന്ന പ്രതിഭാസമെന്ന് വിദഗ്ധർ

ലോകത്തിലെ ഏറ്റവും വലുതും വരണ്ടതുമായ മരുഭൂമിയായ സഹാറയിൽ വെളളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ പെയ്ത ശക്തമായ മഴയാണ് ഈ അപൂർവ്വ സംഭവത്തിന് കാരണമായത്. സാധാരണയായി വേനൽക്കാലത്തിൻ്റെ അവസാനത്തിൽ കുറവ് മഴയാണ് അനുഭവപ്പെടാറുള്ളത്. പ്രതിവർഷം 250 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പല പ്രദേശങ്ങളിലും സെപ്റ്റംബർ മാസം അവസാനം കനത്ത മഴയാണ് പെയ്തത്. രണ്ട് ദിവസങ്ങൾവരെ നിർത്താതെ പെയ്ത മഴയിൽ വാർഷിക ശരാശരിയെ മറികടന്നിട്ടുണ്ട്. കനത്ത മഴ സഹാറയെ ഈന്തപ്പനകൾക്കും മണൽക്കാടുകൾക്കുമിടയിൽ നീല തടാകങ്ങളുടെ ദൃശ്യമാക്കി മാറ്റി.


അപ്രതീക്ഷിതമായി പെയ്ത മഴ സഹാറൻ മണലിലൂടെ ഒഴുകുന്ന ജലത്തിൻ്റെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ അവശേഷിപ്പിച്ചാണ് അവസാനിച്ചത്. ചുറ്റുമുള്ള പുരാതന കോട്ടകളും മരുഭൂമിയിലെ സസ്യജാലങ്ങളും. അരനൂറ്റാണ്ടായി വരണ്ടുകിടക്കുന്ന പ്രശസ്ത തടാകമായ ഇറിക്വി തടാകം നിറയുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും കാഴ്ചക്കാർക്ക് അത്ഭുതമാണ് സമ്മാനിക്കുന്നത്. 50 വർഷങ്ങൾക്ക് ശേഷമാണ് സഹാറയിൽ ഇത്തരം ഒരു സാഹചര്യമുണ്ടായിരിക്കുന്നത്.


മഴയിൽ കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ടാറ്റയിൽ അഭൂതപൂർവമായ മഴയാണ് അനുഭവപ്പെട്ടത്. ടാഗൗണൈറ്റ് ഗ്രാമത്തിൽ 24 മണിക്കൂറിനുള്ളിൽ 100 ​​മില്ലീമീറ്ററിലധികം മഴ ലഭിക്കുന്ന സാഹചര്യവുമുണ്ടായി. മൊറോക്കോയിലും അൾജീരിയയിലുമായി 20ലധികം പേർ മരിക്കുകയും നിരവധി ഏക്കർ കാർഷിക വിളകളും കനത്ത മഴയിൽ നശിച്ചു.

അപ്രതീക്ഷിതമായി മഴ പെയ്തത് ഉഷ്ണമേഖലാ കൊടുങ്കാറ്റിൻ്റെ ഫലമായിട്ടാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ മഴ വരും മാസങ്ങളിലും വർഷങ്ങളിലും ഈ പ്രദേശത്തിൻ്റെ കാലാവസ്ഥയെ മാറ്റിമറിച്ചേക്കാമെന്ന് മൊറോക്കോയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയിൽ നിന്നുള്ള ഹുസൈൻ യൂബേബ് പറഞ്ഞു. മഴക്ക് ശേഷം വായു കൂടുതൽ ഈർപ്പം നിലനിർത്തുന്നതിനാൽ ബാഷ്പീകരണം തോത് വർധിക്കും. ഇത് ഇടയ്ക്കിടെയുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റുകളിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. തുടർച്ചയായ ആറ് വർഷത്തെ വരൾച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴ പെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top