63-ാം വയസിൽ വിവാഹത്തിന് ആഗ്രഹിച്ച രത്തൻ ടാറ്റ; പ്രണയത്തിൽ വീണത് നാലുവട്ടം, മരണംവരെ അവിവാഹിതനായി ജീവിതം

ഇന്ത്യയിലെ വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ 86-ാം വയസിൽ വിട പറയുമ്പോൾ, ഭാര്യ ഇല്ലാത്തതും പിന്തുടർച്ചയ്ക്ക് മക്കളില്ലാത്ത ദുഃഖവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒറ്റപ്പെടലിന്റെ വേദന പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറയാൻ അദ്ദേഹം മടി കാട്ടിയിരുന്നില്ല. നാലു തവണ പ്രണയത്തിൽ വീണെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. എന്നാൽ, 63-ാം വയസിൽ രത്തൻ ടാറ്റ വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു.
പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് അനുയോജ്യമായ ഒരാളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാനുള്ള സന്നദ്ധത രത്തൻ ടാറ്റ പ്രകടിപ്പിച്ചത്. എപ്പോഴെങ്കിലും വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ?. നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ?എന്നാണ് ഥാപ്പർ ചോദിച്ചത്. ”ചിന്തിച്ചിരുന്നു, പല തവണ അതിനോട് അടുത്ത് എത്തി. പല സമയത്തും പല കാരണങ്ങളാൽ ഒന്നും നടന്നില്ല. ജോലി സമ്മർദവും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമോയെന്ന സംശയമായിരുന്നു പ്രധാന കാരണം,” രത്തൻ ടാറ്റ മറുപടി നൽകി.
ഇനിയും വിവാഹം കഴിക്കുന്ന കാര്യം ആലോചിക്കുമോയെന്ന് ഥാപ്പർ വീണ്ടും ചോദിച്ചു. “എന്തെങ്കിലും ചെയ്യാൻ വൈകിയെന്ന് ഞാൻ കരുതുന്നില്ല. അനുയോജ്യമായ ആളെ കണ്ടെത്തിയാൽ തീർച്ചയായും ചെയ്യും,” എന്നായിരുന്നു രത്തൻ ടാറ്റയുട മറുപടി. ബുധനാഴ്ച രാത്രി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽവച്ചായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here