റേഷന്‍ മസ്റ്ററിങ് ആദ്യ ദിവസം തന്നെ മുടങ്ങി; ദുരിതത്തിലായി കാത്തു നിന്നവര്‍; സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം; താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി അനില്‍
തിരുവനന്തപുരം : മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആദ്യ ദിവസം തന്നെ മുടങ്ങി. സംസ്ഥാനത്ത് ഒരാളുടെ പോലും മസ്റ്ററിങ് നടത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബാംഗങ്ങളെ മുഴുവന്‍ എത്തിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളെയടക്കം എത്തിച്ച് കാത്തു നിന്നവര്‍ ഇതിനാല്‍ ദുരിതത്തിലായി. സാങ്കേതിക തകരാര്‍ മൂലമാണ് മുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ നിര്‍ദ്ദേശം നല്‍കി. റേഷന്‍ വിതരണം അടക്കം നിര്‍ത്തിവച്ച് നടപടികള്‍ പൂര്‍ത്തിയാക്കാനുളള ശ്രമമാണ് പാളിയത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ 17 വരെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നും ഉണ്ടായില്ല. ആദ്യ ദിനം തന്നെ റേഷന്‍ കടകള്‍ക്ക് മുന്നില്‍ വലിയ ക്യൂ ദൃശ്യമായിരുന്നു.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്‌സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനം മസ്റ്ററിങ് തുടങ്ങിയത്. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളു. ഈ മെഷീനുകളിലെ സാങ്കേതിക തകരാര്‍ നിരവധി തവണ ഉണ്ടായതാണ്. എന്നാല്‍ ഇവയൊന്നും പരിഹരിക്കാതെയാണ് നടപടികളുമായി സര്‍ക്കര്‍ മുന്നോട്ടു പോയത്.
പിങ്ക് കാര്‍ഡുകളുടെ മസ്റ്ററിങ്ങാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ മഞ്ഞ കാര്‍ഡ് ഉടമകളുടെ നടപടികള്‍ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്ക് ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴും റേഷന്‍കടകളില്‍ കാര്‍ഡ് ഉടമകള്‍ കാത്ത് നില്‍ക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here