റേഷൻ കടകൾ പൂട്ടലിന്റെ വക്കിൽ, 100 കോടി കുടിശിക; വ്യാപാരികൾ കോടതിയിലേക്ക്

പാർവതി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 14,157 റേഷൻ വ്യാപാരികളും ഒറ്റകെട്ടായി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. രണ്ട് മാസത്തെ വേതന കുടിശികയും, 10 മാസത്തെ കോവിഡ് കിറ്റ് വിതരണ കമ്മീഷനും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. 52 കോടി രൂപയാണ് വേതന കുടിശിക നൽകാനുള്ളത്. കിറ്റ് വിതരണ ഇനത്തിൽ 48 കോടിയും നൽകണം. ജോലി ചെയ്ത പൈസ മാത്രമാണ് ആവശ്യപ്പെടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

2022 മാർച്ചിന് മുൻപ് കിറ്റിന്റെ കുടിശിക നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നെങ്കിലും ഒരു മാസത്തെ മാത്രമാണ് ഇതുവരെ നൽകിയത്. കൂടാതെ ഹർജി നൽകിയ ആറ് പേർക്ക് മാത്രമേ ബാക്കി കുടിശിക നൽകുകയുള്ളൂ എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ഈ തീരുമാനം മുൻപ് കേട്ടുകേഴിവില്ലാത്തതാണെന്ന് ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (AKRRDA )പ്രസിഡന്റ് ജോണി നെല്ലൂർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇതിനുപുറമെ ക്ഷേമനിധി അനൂകൂല്യ കുടിശിക ആറ് കോടി വേറെയും ഉണ്ട്.

45 ക്വിൻറ്റൽ വിൽക്കുന്ന വ്യാപാരിക്ക് 18000 രൂപ എന്ന നിലയിലാണ് ഇപ്പോഴത്തെ വേതന തുക. 10000 രൂപയിൽ താഴെ വേതനം ലഭിക്കുന്ന 3000 റേഷൻ കടക്കാർ സംസ്ഥാനത്തുണ്ട്. കടവാടക, കറണ്ട് ചാർജ്, തൊഴിലാളിയുടെ ശമ്പളം എല്ലാം ഇതിൽ നിന്നാണ് നൽകുന്നത്. ഭക്ഷ്യ വകുപ്പ് നൽകുന്ന പദ്ധതികൾക്ക് ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യപാരി സംഘടനകളുടെ പക്ഷം.

ആറ് മാസം കഴിഞ്ഞ് വേതന പരിഷ്കരണം നടത്താമെന്നാണ് 2018 ജൂലൈയിൽ വേതന പാക്കേജ് നടപ്പിലാക്കിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പ്രളയവും കോവിഡും പ്രതിസന്ധി ഉണ്ടാക്കിയത് കൊണ്ട് അതിൽ നടപടി ഉണ്ടായില്ല. ഇപ്പോൾ ജനജീവിതം സാധാരണ നിലക്ക് ആയിട്ടും യാതൊരു നടപടിയും ഇല്ല. കുടിശിക നൽകാത്തതിനെതിരെ ശക്തമായ സമര പരിപാടികൾ തുടങ്ങാനാണ് സംഘടനകൾ ആലോചിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top