നാളെ മുതൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും; മന്ത്രിക്ക് വൈകി വന്ന ബുദ്ധിയെന്ന് വ്യാപാരി സംഘടന

റേഷൻ വ്യാപാരികളുടെ സമരം അവസാനിച്ചതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. വേതനപരിഷ്കരണമെന്ന (പ്രതിമാസ കമ്മിഷന്‍ വര്‍ദ്ധനവ്) വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെ ആയിരുന്നു ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് വ്യാപാരികൾ ആരംഭിച്ചത്. വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതായി മന്ത്രി പറഞ്ഞു. വ്യാപാരികൾക്ക് നൽകാനുള്ള ഡിസംബർ മാസത്തെ കമ്മിഷന്‍ കുടിശിക ഉടൻ നൽകാൻ തീരുമാനമായി. മാർച്ച് മാസം മുതൽ വേതനം മുടക്കം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജിആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ തുറക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ മാസത്തെയും കമ്മിഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം. ധനവകുപ്പുമായി ആലോചിച്ച് കൃത്യ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കി. കമ്മിഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൂടാതെ കമ്മിഷന്‍ വര്‍ധന സംബന്ധിച്ച് മാര്‍ച്ച് മുതല്‍ ചര്‍ച്ച തുടങ്ങും. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു

താൻ റേഷൻ വ്യാപാരികളുടെ സമരത്തെ തള്ളിപ്പറയുന്നില്ല. അങ്ങനെ പറഞ്ഞിട്ടുമില്ല. സമരം ചെയ്യുന്നവർ മോശക്കാരാണെന്ന അഭിപ്രായവും തനിക്കില്ലെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു.നാളെ മുതൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ പറഞ്ഞു. ഈ തീരുമാനം മന്ത്രിക്ക് നേരത്തേ എടുക്കാമായിരുന്നു. കഴിഞ്ഞ രണ്ട് തവണ നടന്ന ചർച്ചയിൽ ഇങ്ങനെ ഒരു ഫോർമുല മന്ത്രി മുന്നോട്ട് വച്ചിരുന്നെകിൽ കടകൾ അടച്ച് സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

ഭക്ഷ്യ-ധന മന്ത്രിമാർ സംഘടാനപ്രതിനിധികളുമായി വെള്ളിയാഴ്ച ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു പണിമുടക്കാൻ തീരുമാനിച്ചത്. കമ്മിഷന്‍ പരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. പണിമുടക്കിനെ കർശനമായ നടപടികൾ കൊണ്ട് നേരിടുമെന്നായിരുന്നു മന്ത്രി ജിആർ അനിലിൻ്റെ പ്രതികരണം.

അടച്ചിടുന്ന കടകൾ സർക്കാർ ഏറ്റെടുക്കുമെന്ന താക്കീതും അദ്ദേഹം വ്യാപാരികൾക്ക് നൽകിയിരുന്നു. ചൊവ്വാഴ്ച മുതൽ സഞ്ചരിക്കുന്ന റേഷൻ കടകൾ നിരത്തിലിറക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. മന്ത്രിയുടെ ഭീക്ഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാട് റേഷൻ കടയുടമകൾ സ്വീകരിക്കുകയായിരുന്നു. വേതനവർധനവ് ന്യായമായ ആവശ്യമാണെന്ന ആവശ്യത്തിൽ വ്യാപാരികൾ ഉറച്ചു നിൽക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top