ചാലക്കുടിയില്‍ സി.രവീന്ദ്രനാഥ്; സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് അന്തിമരൂപമാകുന്നു; വിജയിക്കാന്‍ രംഗത്തിറക്കുന്നത് ജനകീയ അടിത്തറയുള്ള നേതാക്കളെ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മുന്‍മന്ത്രി സി. രവീന്ദ്രനാഥ് സിപിഎം സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ രവീന്ദ്രനാഥ് എന്ന ഒറ്റ പേരിലേക്ക് എത്തിയതായാണ് വിവരം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചാലക്കുടി മണ്ഡലത്തിലേക്ക് ഒന്നിലധികം പേരുകള്‍ പരിഗണനയ്ക്ക് വന്നെങ്കിലും വിജയ സാധ്യതയും ജനകീയ അടിത്തറയും പരിഗണിച്ച് മുന്‍മന്ത്രി മത്സരിക്കട്ടെയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇക്കാര്യം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കും. നാളെയോ മറ്റന്നാളോ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും അംഗീകരിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഇതോടെ സിപിഎം മത്സരിക്കുന്ന 15 ലോക്‌സഭാ മണ്ഡലങ്ങളില്‍ 14 ഇടത്തെ സ്ഥാനാര്‍ഥിനിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കാനുള്ളത്. ഇടതു സ്വതന്ത്രരെ ഇറക്കി സിപിഎം പരീക്ഷണങ്ങള്‍ നടത്തുന്ന മണ്ഡലമാണ് എറണാകുളം. അതുകൊണ്ട് തന്നെ ഇവിടെ ആര് മത്സരിക്കും എന്നതില്‍ രാഷ്ട്രീയ കേരളത്തിന് ആകാംക്ഷയുണ്ട്.

മുന്‍ വിദ്യാഭ്യാസ മന്ത്രിയായ സി.രവീന്ദ്രനാഥ് ജനകീയനായ നേതാവാണ്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്നു. 2011ലും 2016ലും പുതുക്കാട് നിന്നും നിയമസഭാംഗമായി. ഒന്നാം പിണറായി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സ്‌കൂളുകളെ ആധുനിക നിലവാരത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. രണ്ട് ടേം നിബന്ധനയെ തുടര്‍ന്ന് ഇത്തവണ മാറി നിന്നെങ്കിലും പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു.

മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം സൈക്കിളില്‍ സഞ്ചരിക്കുന്ന രവീന്ദനാഥിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ഇന്നസെന്റിനെ ഇറക്കി ഒരു തവണ പിടിക്കാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ചാലക്കുടി. ഇത്തവണയും നിലവിലെ എംപിയായ ബെന്നി ബെഹന്നാന്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം രവീന്ദനാഥിന്റെ ജനകീയതയിലൂടെ മറികടക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

മന്ത്രി, എംഎല്‍എമാര്‍ തുടങ്ങി പ്രമുഖ നേതാക്കളെയിറക്കി പരമാവധി സീറ്റുകള്‍ ഉറപ്പിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.രാധാകൃഷ്ണന്‍, കെ.കെ.ശൈലജ, മുകേഷ്, തോമസ് ഐസക്ക്, എം.വിജയരാഘവന്‍, എളമരം കരീം, എം.വി.ജയരാജന്‍ തുടങ്ങിയ പ്രമുഖരെ മത്സരിപ്പിക്കാനുള്ള തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top