ഇംഗ്ലണ്ടിനെതിരെ പുതിയ ക്യാപ്റ്റൻ !! ഇന്ത്യൻ ക്രിക്കറ്റിനെ കാത്തിരിക്കുന്നത് കൂട്ടവിരമിക്കൽ

രവിചന്ദ്രന്‍ അശ്വിൻ്റെ വിരമിക്കലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റത്തിന് സാധ്യത. അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന പരമ്പരയിൽ പുതിയ ക്യാപ്റ്റൻ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മറ്റ് മുതിർന്ന താരങ്ങളും ബോർഡർ – ഗവാസ്കർ ട്രോഫിയോടെ കളി നിർത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതാണ് ടീമിൽ അടിമുടി മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്.
ഓസിസിനെതിരായ മൂന്നാം മത്സരം സമനിലയിലായതോടെ ഇന്ത്യയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹങ്ങൾക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ന്യൂസിലൻഡിനെതിരെ നാട്ടിലേറ്റ സമ്പൂർണ പരാജയത്തിന് ശേഷം വലിയ വിമർശനങ്ങളാണ് രോഹിത് ശർമയും വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ നേരിടുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും മോശം പ്രകടനം തുടർന്നതോടെ ഇരുവരുടെയും വിരമിക്കലിനായി മുറവിളി ഉയർന്നു കഴിഞ്ഞു.
Also Read: രോഹിത് ശർമ വിരമിക്കുന്നു!! മൂന്നാം ടെസ്റ്റിൽ പുറത്തായതിന് ശേഷം സൂചന നല്‍കിയെന്ന് ആരാധകർ
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തലമുറമാറ്റമുണ്ടാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അശ്വിന് പിന്നാലെ വിരാട് കോഹ്ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ, ചേതേശ്വര് പൂജാര, രവീന്ദ്ര ജഡേജ എന്നിവരും വിരമിക്കുമെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
അങ്ങനെ വന്നാൽ 2012-2013 കാലഘട്ടത്തിൽ സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ വിരമിച്ചപ്പോഴുള്ള പ്രതിസന്ധിക്ക് സമാനമായ അവസ്ഥയിലേക്കാവും ടീം ഇന്ത്യ പതിക്കുന്നത്. എന്നാൽ മുതിർന്ന താരങ്ങൾക്ക് പകരം ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് ആരാധകർ പറയുന്നത്. ഇത്തരം പ്രതിസന്ധികകളെ പുതിയ പ്രതിഭകൾ അതീജീവിച്ച ചരിത്രമാണ് ഇന്ത്യൻ ക്രിക്കറ്റിനുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here