കൊടകര ഹവാല കേസില്‍ വീണ്ടും അന്വേഷണം; നിയമവശം പരിശോധിച്ച് കോടതിയെ സമീപിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

കൊടകര കുഴല്‍പ്പണക്കേസ് രാഷ്ട്രീയ വിഷയമായതിന് പിന്നാലെ കേസില്‍ വീണ്ടും അന്വേഷണം. കൊടകര കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാരും അന്വേഷണത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയും ഡിജിപിയും ഈ കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമവശം അന്വേഷിച്ച് കോടതിയെ സമീപിക്കാനാണ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്

അതേസമയം ഇഡിക്ക് കേരള പോലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. ഹവാലയായി ബിജെപിക്ക് എത്തിയത് 41 കോടി എന്നുള്ള പോലീസ് റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് ആണിത്. ബിജെപിക്ക് വേണ്ടിയാണ് പണം എത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 14.4 കോടി എത്തിയത് കര്‍ണാടകയില്‍ നിന്നാണ്. മറ്റ് ഹവാല വഴികളിലൂടെ 27 കോടിയും എത്തി. ബംഗളൂര് കേന്ദ്രീകരിച്ചാണ് പണം എത്തിയത്.

Also Read: ബിജെപിക്ക് കൊടകരയില്‍ ഹവാലയായി എത്തിയത് 41 കോടി എന്ന് പോലീസ് റിപ്പോര്‍ട്ട്; പണം എത്തിച്ചത് പച്ചക്കറി ചാക്കുകളില്‍

ഏഴുകോടി തൊണ്ണൂറു ലക്ഷം രൂപയാണ് കൊടകരയില്‍ കൊള്ളയടിക്കപ്പെട്ടത്. മൂന്നരക്കോടി കൊള്ളയടിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത് തെറ്റെന്നു തെളിയുകയാണ് റിപ്പോര്‍ട്ടില്‍. മുപ്പത്തിമൂന്ന് കോടി അമ്പത് ലക്ഷം രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഹവാല എജന്റ്റ് ധര്‍മരാജന്‍ വഴിയാണ് പണം എത്തിയത്. പച്ചക്കറി ചാക്കുകളിലാക്കിയാണ് പണം കേരളത്തില്‍ എത്തിച്ചത്. കേരളത്തില്‍ എത്തിക്കാന്‍ വന്ന പണം സേലത്ത് വച്ച് മറ്റൊരു സംഘവും തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും രാഷ്ട്രീയ വിഷയമാകുന്നു; പുനരന്വേഷണം വേണമെന്ന് സിപിഎം

കൊടകര കേസ് വീണ്ടും രാഷ്ട്രീയ വിഷയമാക്കാന്‍ സിപിഎം. കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്‌ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ കോടാനുകോടി രൂപ ചാക്കില്‍കെട്ടി വച്ചു എന്നാണ് വിവരം. അതില്‍ നിന്നും മൂന്നരക്കോടിയാണ് അടിച്ചുമാറ്റിയത്. ഇത് ഗൗരവതരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top