യഥാർത്ഥ പ്രതി ആശുപത്രിയിൽ തന്നെ; വനിതാ ഡോക്ടറുടെ ഡയറിക്കുറിപ്പുകൾ അച്ഛൻ സിബിഐക്ക് കൈമാറി
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ പിതാവ്. സംസ്ഥാന പോലീസ് കേസ് കൈകാര്യം ചെയ്ത രീതി കാരണം മുഖ്യമന്ത്രി മമതാ ബാനർജിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഇരയുടെ അച്ഛൻ എൻഡിടിവിയോട് പറഞ്ഞു. സിബിഐ അന്വേഷണത്തിലാണ് ഇപ്പോൾ ഏക പ്രതീക്ഷ. മകളുടെ ഡയറിയിലുള്ള ചില വിവരങ്ങൾ കേന്ദ്ര ഏജൻസിക്ക് കൈമാറിയതായും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അതിൻ്റെ ഉള്ളടക്കം വെളിപ്പെടുത്താൻ തയ്യാറായില്ല.
നേരത്തേ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പ്രതീക്ഷ ഉണ്ടെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. യഥാർത്ഥ പ്രതികൾ മെഡിക്കൽ കോളേജിൽ തന്നെയുണ്ട്. അവരെ ഉടൻ കണ്ടെത്തണമെന്നും യുവതിയുടെ അച്ഛൻ സിബിഐയോട് ആവശ്യപ്പെട്ടു. ആശുപത്രിയിലെ സിവിക് പോലീസ് വോളണ്ടിയറായ സഞ്ജയ് റോയി എന്നയാളെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഇയാൾ യഥാർത്ഥ കുറ്റവാളിയല്ലെന്ന സംശയവും മാതാപിതാക്കൾക്കുണ്ട്.
അതേസമയം, സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
ഓഗസ്റ്റ് 9ന് പുലർച്ചെയാണ് സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ആഗസ്റ്റ് 12ന് രാജിവച്ച മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ളവർ സംശയത്തിൻ്റെ നിഴലിനാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ അടുപ്പക്കാരനായ ഇയാളുടെ മൊഴികളും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here