വനിതാ ഡോക്ടറുടെ കൊലപാതക സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ പേര് എണ്ണിപ്പറഞ്ഞ് പോലീസ്
കൊൽക്കത്ത ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന സിബിഐ ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ പോലിസ്. വിവാദങ്ങൾക്കിടയാക്കിയ വൈറൽ വീഡിയോ സംബന്ധിച്ചും പോലീസ് വിശദീകരണം നൽകി. കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റം വരുത്തിയെന്നും മകളുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് ഇരയായ വനിതാ ഡോക്ടറുടെ കുടുംബത്തെ പോലീസ് തെറ്റിദ്ധരിപ്പിച്ചെന്നും കേന്ദ്ര അന്വേഷണ ഏജൻസി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് അട്ടിമറിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നുമാണ് കൊൽക്കത്ത സെൻട്രൽ ഡിസിപി ഇന്ദിര മുഖർജിയുടെ വിശദീകരണം.
കൊലപാതകം നടന്ന സ്ഥലത്ത് ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും പ്രവേശനം നൽകിയെന്നും അതുകാരണം തെളിവുകൾ നഷ്ടമായെന്നും കൊലപാതശേഷം വൈറലായ ഒരു വീഡിയോ ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് ഒന്‍പതിന് എടുത്ത ഫോട്ടോയാണ് ഇതെന്നാണ് കൊൽക്കത്ത പോലീസിൻ്റെ വിശദീകരണം. ചിത്രത്തിലുള്ളതും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടതുമായ എല്ലാവരുടെയും പേരുകളും വെളിപ്പെടുത്തി. ആ സമയം അവർക്ക് അവിടെ തുടരാനുള്ള അധികാരമുണ്ടായിരുന്നു. മൃതദേഹവും ചിത്രത്തിൽ കാണുന മറവിലുണ്ട്. സാക്ഷിയായ ഡോക്ടർ, ഫിംഗർപ്രിൻ്റ് വിദഗ്ധർ, വീഡിയോ ഗ്രാഫർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ അടക്കം ദൃശ്യത്തിലുള്ളവർ ഇൻക്വസ്റ്റ് നടപടി ക്രമങ്ങളുടെ ഭാഗമായിട്ടുള്ളവരാണെന്നും ഇന്ദിര മുഖർജി പറഞ്ഞു.
പുലർച്ചെ കൊലപാതകം നടന്ന വിവരം ബോധ്യപ്പെട്ടിട്ടും ഇരയുടെ ശവസംസ്കാരത്തിന് ശേഷം രാത്രി 11:45ന് മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്തത് സംശയകമാണെന്നുമാണ് സിബിഐ കോടതിയിൽ പറഞ്ഞത്. കോളേജ് പ്രിൻസിപ്പൽ ആയിരുന്ന സന്ദീപ് ഘോഷ് അതിന് മുമ്പ് ആത്മഹത്യയാണെന്ന് ഇരയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പോലീസ് കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറുമ്പോൾ കൊലപാതകം നടന്ന സ്ഥലം മാറ്റിമറിച്ചിരുന്നു എന്നായിരുന്നു കോടതിയിൽ ആരോപിച്ചിരുന്നത്.
ഓഗസ്റ്റ് ഒന്‍പതിന് പുലർച്ചെയായിരുന്നു പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് ആശുപത്രിയിലെ സിവിക് പോലീസ് ഓഫീസറായ സഞ്ജയ് റോയി എന്നയാളെ അറസ്റ്റു ചെയ്തിരുന്നു.
കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബ്ലൂ ട്യൂബ് ഹെഡ് സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്. കൃത്യം നടന്ന ദിവസം പുലർച്ചെ സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ഹെഡ് സെറ്റ് ആ സമയം ഇയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് അതിൽ വ്യക്തമായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയെ നുണപരിശോധനക്ക് സിബിഐ വിധേയനാക്കിയിരുന്നു. ഇയാൾക്കൊപ്പം ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിൽ കണ്ടെത്തിയ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവർക്കും പോളിഗ്രാഫ് ടെസ്റ്റ് നടത്തിയിരുന്നു. ഇവരിൽ രണ്ട് പേർ ഒന്നാം വർഷ പിജി വിദ്യാർത്ഥികളാണ്. ഇവരുടെ വിരലടയാളം സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയിരുന്നു. 88 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് നൽകിയ മറുപടികളും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തപ്പെടാത്തതിനാലാണ് ഡോ. ഘോഷിനെ പരിശോധനയ്ക്ക് നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here