നാളെയാണ് നാളെയാണ്… ഓണം ബമ്പർ ടിക്കറ്റിന് റെക്കോഡ് വിൽപ്പന, നറുക്കെടുപ്പിന് മൂന്നു ദിവസം കൂടി മാത്രം

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിനു ഇനി മൂന്ന് ദിവസം മാത്രം. രാജ്യത്തെ ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനമാണ് ഭാഗ്യവാനോ ഭാഗ്യവതിക്കോ ലഭിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. സർക്കാരിനും കോളടിച്ചമട്ടാണ്. ഇതിനോടകം 69,98,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഞായറാഴ്ച കൊണ്ട് വില്പന 70 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. പാലക്കാടാണ് ടിക്കറ്റ് വില്പനയിൽ മുന്നിൽ. 10% ഏജന്റിന്റെ കമ്മിഷനാണ്. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുക ജേതാവിനു ലഭിക്കും.

ഭാഗ്യക്കുറി വിൽപ്പന ആരംഭിച്ച ആദ്യദിനംതന്നെ നാലര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്‌. ആകെ 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ വർധിപ്പിച്ചു. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇതു ലഭിക്കും. മൂന്നാം സമ്മാനം ൫൦ ലക്ഷം വീതം 20 പേർക്ക് ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 എണ്ണം കൂടുതൽ, നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

കഴിഞ്ഞ വർഷവും ഓണം ബമ്പർ വിൽപ്പനയിൽ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ആകെ അച്ചടിച്ച 67,50,000 ടിക്കറ്റുകളിൽ 66,55,914 എണ്ണവും വിറ്റുപോയി. തൊട്ടു മുൻവർഷത്തേക്കാൾ 12.5 ലക്ഷം അധികം. ഈ വർഷത്തെ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത് മലപ്പുറം പരപ്പനങ്ങാടി ഹരിതകർമ്മ സേനയിലെ 11 പേർക്കാണ്. മൺസൂൺ ബമ്പർ വിൽപ്പനയിലും റെക്കോഡ് ആയിരുന്നു. 27 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

Logo
X
Top