മെഡിക്കല്‍ ഓഫീസര്‍ നിയമനത്തട്ടിപ്പ്: മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി രണ്ടാം പ്രതി; ലെനിന്‍ ഹര്‍ജി നല്‍കിയത് ഒളിവിലിരുന്ന്; പിടിയിലായത് മൂന്നാം പ്രതി മാത്രം

തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ലെനിൻ രാജ് മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.‌ ഒളിവില്‍ തുടരവേയാണ് രണ്ടാം പ്രതിയായ ലെനിൻ രാജ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. കോഴിക്കോട്ട് അഭിഭാഷകനാണ് ലെനിൻ. മുഖ്യപ്രതിയായ അഖില്‍ സജീവും ഒളിവിലാണ്.

കേസിലെ മൂന്നാം പ്രതിയായ റയീസിനെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ആയുഷ് മിഷന്റെയും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരുള്ള വ്യാജ ഇ-മെയിലുകൾ നിർമിച്ചത് റയീസാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് റയീസ് അറസ്റ്റിലായത്.

പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ബാസിത്തിനോട് ശനിയാഴ്ച വീണ്ടും സ്റ്റേഷനിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, പരാതിക്കാരന്‍ ഹരിദാസന്‍ രണ്ട് ദിവസവും ചോദ്യംചെയ്യലിന് ഹാജരായില്ല. ഹരിദാസനും ഒളിവിലാണ്.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ആയുഷ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയെന്നാണ് പരാതിക്കാരനായ ഹരിദാസന്‍ ആരോപിച്ചത്. എന്നാല്‍ അഖില്‍ മാത്യുവല്ല താനാണ് ഹരിദാസനോട് ഫോണില്‍ സംസാരിച്ചത് എന്ന വെളിപ്പെടുത്തലുമായി അഖില്‍ സജീവ്‌ വന്നതോടെയാണ് ചിത്രം മാറിയത്. ഹരിദാസന്‍ കൈക്കൂലി നല്‍കിയ ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലെ വിവാഹചടങ്ങിലായിരുന്നു എന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ഇതോടെയാണ് അഖില്‍ സജീവും ലെനിനും ഇപ്പോള്‍ റിമാന്‍ഡിലുള്ള റയീസുമൊക്കെയാണ് നിയമനത്തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top