‘പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ’; തിരുവല്ലയിലെ റീല്‍സ് താരങ്ങളെ പിന്തുണച്ച് ‘കളക്ടര്‍ ബ്രോ’;
തിരുവല്ല മുനിസിപ്പാലിറ്റി ഓഫീസിലെ റീല്‍സ് താരങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണയേറുന്നു. കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എൻ. പ്രശാന്ത് ഐഎഎസ് ആണ് ഉദ്യോഗസ്ഥരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ എന്‍ജോയ് ചെയ്ത് പണിയെടുക്കട്ടെ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ച ദിനത്തില്‍ പൊതുസ്ഥലത്ത് റീലുണ്ടാക്കാനും പോസ്റ്റ് ഇടാനും പൗരന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ കുറച്ച് സര്‍ക്കാർ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്, നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെ വൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേര്‍ക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്. അങ്ങനെ ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ എന്‍ജോയ് ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണ് എന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയര്‍ന്ന തസ്തികയിൽ ഇരിക്കുന്നവർ ജോലിസമയത്തും, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാള്‍ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലര്‍ത്തുന്നതാണ് ഇവരുടെ കലാസൃഷ്ടി. അസൂയ, കുശുമ്പ്, പുച്ഛം – മലയാളിഗുണത്രയം,” എന്നാണ് എൻ. പ്രശാന്ത് കുറിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന പാട്ടിനൊപ്പമായിരുന്നു ജീവനക്കാരുടെ പ്രകടനം. ഇവര്‍ ഓഫീസിനകത്തു വച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് റീലിലുള്ളത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ജീവനക്കാരോട് വിശദീകരണം തേടിയത്. എന്നാല്‍ ഞായറാഴ്ചയായിരുന്നു റീല്‍ ചിത്രീകരണം എന്ന് ജീവനക്കാര്‍ മറുപടി നല്‍കിയതോടെ, ഇവര്‍ക്കെതിരെ നടപടിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍സ് ചിത്രീകരിച്ചത് എന്ന്, ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എം.ബി. രാജേഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു.
അതേസമയം, ദേവദൂതന്‍ റീറിലീസിനൊരുങ്ങുമ്പോള്‍ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രമോഷനുകളില്‍ ഒന്നാണിത്. റീലിന് പിന്നിലെ ജീവനക്കാരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തര്‍ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here