“കാശുകിട്ടിയാൽ യോഗ്യത ഇല്ലാത്തവരെയും നിയമിക്കും”!! താമരശ്ശേരി ബിഷപ്പിനെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന് ലേമെൻസ് അസോസിയേഷൻ

കോഴിക്കോട്ട് കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിനെതിരെ അഴിമതിനിരോധന നിയമപ്രകാരമുള്ള അന്വേഷണം വേണമെന്ന് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ സ്കൂളിൽ അഞ്ചുവർഷം ജോലി ചെയ്തിട്ടും ഒരുരൂപ പോലും ശമ്പളം കിട്ടാതെ കടുത്ത നിരാാശ ബാധിച്ചാണ് അലീന ഈ മാസം 18ന് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.
കട്ടിപ്പാറ മുത്തോറ്റിക്കൽ നസ്രത് എൽപി സ്കൂളിൽ അദ്ധ്യാപിക നിയമനത്തിന് 13 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന അലീനയുടെ വീട്ടുകാരുടെ പരാതി സംബന്ധിച്ച് അഴിമതി നിരോധന നിയമം പ്രകാരം കേസെടുത്ത് അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉടൻ ഉത്തരവ് നൽകണമെന്നാണ് അസോസിയേഷൻ്റെ ആവശ്യം. താമരശ്ശേരി രൂപതയുടെ കീഴിലുള്ളതാണ് കട്ടിപ്പാറ എൽപി സ്കൂൾ. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കണമെന്നും അസ്സോസിയേഷൻ ആവശ്യപ്പെടുന്നു.
രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ നിയമിച്ചിരിക്കുന്ന ജീവനക്കാരനാണ് രൂപതയുടെ സ്കൂളുകളിലെ നിയമനങ്ങൾ കൈകാര്യം ചെയ്യുന്ന കോർപ്പറേറ്റ് മാനേജർ. രൂപതാ ബിഷപ്പിന്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ച് ഇതുപോലെയുള്ള ഇടപാടുകളിലെ രഹസ്യം കാത്തുസൂക്ഷിക്കാനുള്ള കടമയാണ് കോർപ്പറേറ്റ് മാനേജർക്കുള്ളത്. നൈയാമിക വ്യക്തിയായ രൂപതാ ബിഷപ്പിനാണ് രൂപതയുടെ കീഴിലുള്ള വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണാധികാരമെന്നും അസോസിയേഷൻ വ്യക്തമാക്കി.
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ് അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾക്ക് 35 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങുന്നുണ്ട്. യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പോലും പരസ്യപ്പെടുത്താറില്ല. കൈക്കൂലിയുടെ അളവാണ് യോഗ്യതയുടെ മാനദണ്ഡം എന്നായിട്ടുണ്ട്. ഏതാണ്ട് 15 വർഷം മുൻപ് കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലും പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂളിലും നിയമനത്തിനുള്ള കൈക്കൂലിത്തുക പള്ളി വികാരിമാർ ലേലംവിളി നടത്തുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും ലേമെൻസ് അസോസിയേഷൻ സെക്രട്ടി എംഎൽ ജോർജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here