ബാർകോഴക്കേസ് ആവിയായപ്പോൾ ബാറുടമകൾക്ക് ആസ്ഥാനമന്ദിരമായി; തലസ്ഥാനത്തെ 20 സെൻ്റ് ഭൂമിയുടെ റജിസ്ട്രേഷൻ പൂർത്തിയായി

രണ്ടാം ബാർക്കോഴ ആരോപണത്തിൻ്റെ മുനയൊടിച്ച് കൊണ്ട് ബാർ ഹോട്ടലുടമകളുടെ സംഘടന (ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ) തിരുവനന്തപുരത്ത് ആസ്ഥാനമന്ദിരം തുറന്നു. പിഎംജി ജംഗ്ഷന് സമീപത്ത് വാങ്ങിയ 20 സെൻ്റ് ഭൂമിയുടെ റജിസ്ട്രേഷൻ നടപടികൾ ഇന്നലെ പൂർത്തിയായി. അടുത്തടുത്ത രണ്ട് പ്ലോട്ടുകളിലായി രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഒരെണ്ണം ഹോട്ടൽ മാനേജ്മെൻ്റ് പഠനത്തിനുള്ള സ്ഥാപനമാക്കും.

റജിസ്ട്രേഷൻ അടക്കം ആറുകോടി പത്തുലക്ഷമാണ് ചിലവ്. ഈ തുക കണ്ടെത്താൻ ബാറുടമകളിൽ നിന്ന് പിരിവെടുക്കാൻ ശ്രമിച്ചതാണ് രണ്ടാം ബാർക്കോഴ വിവാദത്തിലേക്ക് നയിച്ചത്. സംഘടനയുടെ ഇടുക്കി ജില്ലാ ഭാരവാഹി അനിമോൻ എന്ന് വിളിപ്പേരുള്ള ജയകൃഷ്ണൻ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശമായിരുന്നു തുടക്കം. ഒന്നാംതീയതിയിലെ ഡ്രൈഡേ ഒഴിവാക്കുന്നത് അടക്കം അനുകൂല തീരുമാനങ്ങൾ ഉണ്ടാകുന്ന വിധത്തിൽ മദ്യനയത്തിൽ മാറ്റം വരണമെങ്കിൽ വേണ്ടതുപോലെ കൊടുക്കണം എന്നായിരുന്നു ഓഡിയോയിൽ പറഞ്ഞത്.

ഇത് വിവാദമായപ്പോൾ ആദ്യം പരാതിയുമായി രംഗത്തെത്തിയത് എക്സൈസ് മന്ത്രി എംബി രാജേഷ് ആയിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി. ഇത്രയുമായപ്പോൾ അനിമോൻ വിശദീകരണവുമായി രംഗത്തെത്തി. ആസ്ഥാനമന്ദിരം പണിയാനുള്ള പിരിവെടുപ്പിൽ തൻ്റെ ജില്ലയായ ഇടുക്കിയിൽ നിന്നുള്ളവർ വേണ്ടത്ര താൽപര്യം എടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ പറഞ്ഞ കാര്യങ്ങളാണെന്നും യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും അന്വേഷണത്തിലും മൊഴി നൽകി.

ആസ്ഥാനമന്ദിരത്തിനുള്ള ഭൂമി വിൽപനയുടെ വിവരങ്ങൾ സംഘടന ഔദ്യോഗികമായി നൽകിയതോടെയാണ് പിരിവിന് പിന്നിൽ കോഴയിടപാട് ഇല്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിയതും ഇക്കാര്യമെല്ലാം കാണിച്ച് അന്തിമ റിപ്പോർട്ട് നൽകിയതും. ഇങ്ങനെ കൂടുതൽ അന്വേഷണത്തിനോ കേസിനോ സാധ്യതയില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഭൂമി വാങ്ങുന്നതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

ALSO READ: ബാർകോഴയിൽ അന്വേഷണം മുന്നോട്ടു പോകില്ലെന്ന് ക്രൈംബ്രാഞ്ച്; പ്രാഥമികാന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു

അതേസമയം സംഘടനാ നേതൃത്വത്തോടുള്ള കടുത്ത എതിർപ്പാണ് ശബ്ദരേഖ പുറത്തുപോകാനും ഇത്ര വലിയ വിവാദത്തിലേക്ക് എത്താനും ഇടയാക്കിയത്. മുൻപും പലവിധ പിരിവുകൾ ഉണ്ടായെങ്കിലും അതിൻ്റെയെല്ലാം ഗുണം സംഘടനാ നേതൃത്വത്തിലെ ചിലർക്ക് മാത്രമാണ് ഉണ്ടായതെന്ന വികാരം ശക്തമാണ്. അനിമോൻ്റെ മൊഴി ശരിയെങ്കിൽ ഇക്കാരണം കൊണ്ട് തന്നെയാണ് നേതൃത്വം ആവശ്യപ്പെട്ട തുക കൊടുക്കാൻ പല ബാറുടമകളും തയ്യാറാകാതിരുന്നതും.

ഒടുക്കം യുഡിഎഫ് കാലത്തെ ബാർകോഴ ആരോപണം പോലെ തന്നെ ഇതും കത്തിതീരുകയാണ്. ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് തുടർ സമരങ്ങൾക്ക് ഇറങ്ങിയ ഇടതുമുന്നണി ഭരണത്തിലെത്തിയ ശേഷമാണ് മാണിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത്. മുൻപ് യുഡിഎഫ് കാലത്തും സമാന റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും പരാതികളെ തുടർന്ന് അന്വേഷണം തുടർന്നു. ഒടുവിൽ 2019 ഏപ്രിലിൽ മാണിയുടെ മരണത്തിന് പിന്നാലെ എല്ലാ ഹർജികളും തീർപ്പാക്കി ഹൈക്കോടതിയാണ് നടപടികൾ അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top