‘മാസപ്പടി’യില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളിയത് തെറ്റെന്ന് അമിക്കസ് ക്യൂറി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി. സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.

കേസിൽ തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ല. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുന്നു. അമിക്കസ് ക്യൂറിയുടെ വാദം കേട്ടശേഷം ഹർജി കോടതി വിധി പറയാൻ മാറ്റി.

മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്. ഹർജിക്കാരനായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഹർജിയുടെ വിവരങ്ങൾ പരിശോധിക്കാനാണ് അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് കരിമണൽ കമ്പനിയായ സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡിന്‍റെ ക​ണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.

കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ ഗിരീഷ് ബാബു നൽകിയ പുനപരിശോധന ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിക്കാരൻ മരിച്ചതിനാൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജി പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top