വിഎസിൻ്റെ മകനുവേണ്ടി യോഗ്യതകളിൽ ഇളവ്; ഐഎച്ച്ആർഡി ഡയറക്ടർ ഇൻ്റർവ്യൂ വിവാദത്തിൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ യോഗ്യതകളിൽ ഇളവ് വരുത്തിയതായി ആരോപണം. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമായ പദവിയാണിത്. നാളെ തിരുവനന്തപുരം
മാസ്കറ്റ് ഹോട്ടലിൽ വച്ചാണ് ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ. യോഗ്യതകളിൽ ഇളവ് വരുത്തിയ സർക്കാർ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. ഇൻറർവ്യൂ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎച്ച്ആർഡി നിയമപ്രകാരം യോഗ്യതകളിൽ ഭേദഗതി വരുത്താൻ ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂ. ഇത് മറികടന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളിൽ ഇളവ് വരുത്തിയിരിക്കുന്നത്. ഐഐസിടിഇ (AICTE) വ്യവസ്ഥപ്രകാരം എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം, 15 വർഷത്തെ അധ്യാപന പരിചയം, പിഎച്ച്ഡി ഗൈഡ് ഷിപ്പ്, രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയം എന്നിവയാണ് പദവി വഹിക്കാനുള്ള യോഗ്യത. എന്നാൽ ഏഴു വർഷത്തെ അഡിഷണൽ ഡയറക്ടർ പരിചയം കൂടി നിയമനത്തിനുള്ള പുതിയ യോഗ്യതയായി ചേർത്താണ് ഉത്തരവ്. ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുൺകുമാറിന് എംസിഎ ബിരുദമാണുള്ളത്.

1997ൽ നായനാർ സർക്കാരിന്റെ കാലത്ത് ചട്ടവിരുദ്ധമായി അസിസ്റ്റന്റ് ഡയറക്ടറായി ഐഎച്ച്ആർഡിയിൽ നേരിട്ടാണ് നിയമനം ലഭിച്ചതെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. അരുൺ കുമാറിനെ 1999 മുതൽ 2001 വരെ കയർഫെഡിന്റെ എംഡി യായും തുടർന്ന് 2008 ൽ ഐഎച്ച്ആർഡിയിൽ ജോയിന്റ് ഡയറക്ടറായും നിയമനം നൽകി. 2010 ൽ അച്യുതാനന്ദൻ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഐസിടി അക്കാദമി രൂപീകരിച്ച് മുഖ്യമന്ത്രി തന്നെ മകനെ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. തീരുമാനം വലിയ വിവാദമായതിനെ തുടർന്ന് റദ്ദാക്കുകയായിരുന്നു.

2016 ൽ പിണറായി സർക്കാർ സീനിയർ പ്രിൻസിപ്പലായിരുന്ന ഡോ. പി സുരേഷ് കുമാറിന് ഐഎച്ച്ആർഡി ഡയറക്ടറായും അരുൺ കുമാറിന് അഡിഷണൽ ഡയറക്ടറായും നിയമനം നൽകിയിരുന്നു. ഡയറക്ടർ തസ്തികയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ഡോ. സുരേഷ് കുമാറിനെ മെയ് 2023ല്‍, സി ആപ്റ്റിന്റെ ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിച്ച ശേഷം അരുൺ കുമാറിന് 2023 ജൂൺ മാസത്തിൽ ഡയറക്ടറുടെ താല്ക്കാലിക ചുമതല നൽകുകയായിരുന്നു.

ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന അരുൺകുമാർ ഐഎച്ച്ആർഡിയുടെ യുടെ ജനറൽ ബോഡിയുടെ അനുമതി കൂടാതെ യോഗ്യതകളിൽ ഇളവു വരുത്തുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. 2023 നവംബറിൽ സർക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഹയർ എഡ്യുക്കേഷൻ സെക്രട്ടറിയ്ക്ക് പകരം അഡിഷണൽ സെക്രട്ടറി ഒപ്പ് വച്ചാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തരവ് ഇറക്കിയത്.

ഇന്റർവ്യൂവിൽ എഐസിടിഇ നിശ്ചയിച്ചിട്ടുള്ള ഉയർന്നയോഗ്യതയുള്ള ഒൻപത് സീനിയർ പ്രിൻസിപ്പൽമാരോടൊപ്പം യോഗ്യതകളിൽ ഇളവ് ലഭിച്ച അരുൺ കുമാറും പങ്കെടുക്കുന്നുണ്ട്. സ്പെഷ്യൽ റൂളിൽ വരുത്തിയ ഭേദഗതിയും, അരുൺകുമാറിന് നൽകിയ ഡയറക്ടറുടെ ചുമതലയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോണ് തിരക്കിട്ടുള്ള ഇന്റർവ്യൂ.

സംസ്ഥാനത്ത് ഒൻപത് എൻജിനീയറിങ് കോളേജുകളും, എട്ട് പോളിടെക്നിക്കുകളും, 45 അപ്ലയ്ഡ് സയൻസ് കോളേജുകളും, 15 ഹയർ സെക്കന്ററി സ്കൂളുകളും, മോഡൽ ഫിനിഷിങ് സ്കൂളും നിയന്ത്രിക്കുന്ന ഐഎച്ച്ആർഡി യുടെ തലപ്പത്ത് എഐസിടിഇ/ യുജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ അവഗണിച്ച് ഡയറക്ർ നിയമനം നടത്തരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top