മദ്യനിരോധനത്തില്‍ വെള്ളംചേര്‍ത്ത് ഗുജറാത്ത്; GIFT സിറ്റിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി

ഗാന്ധിനഗര്‍: രാജ്യത്തെ ഏറ്റവും വലിയ വ്യാപാര- വ്യവസായ – ടെക്ക് ഓഫീസ് സമുച്ചയമായ ഗിഫ്റ്റ് സിറ്റിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗാന്ധിജിയുടെ ജന്മനാട്ടിലാണ് ബിജെപി സര്‍ക്കാര്‍ മദ്യനിരോധനത്തില്‍ വെള്ളം ചേര്‍ത്തത്. ഗിഫ്റ്റ് സിറ്റിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അംഗീകൃത സന്ദര്‍ശകര്‍ക്കുമാണ് മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും ക്ലബ്ബുകളിലും മാത്രമേ മദ്യം വില്‍ക്കാന്‍ പാടുള്ളൂ. എന്നാല്‍ പുറത്തുള്ളവര്‍ക്ക് മദ്യം വില്‍ക്കാന്‍ അനുമതിയില്ല. വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ മദ്യ നിരോധനത്തില്‍ ഇളവ് കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ്‌ എം.പി ശക്തിസിന്‍ ഗോഹില്‍ ശക്തമായി പ്രതികരിച്ചു. ഗാന്ധിജിയുമായി അടുത്ത ബന്ധമുള്ള ഗാന്ധിനഗറിലാണ് ഗിഫ്റ്റ് സിറ്റിയെന്നും ഇവിടെ മദ്യം അനുവദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തിസിന്‍ ഗോഹില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 1992ല്‍ കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് റിലയന്‍സ് ഉള്‍പ്പെടെയുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. അന്നും മദ്യനിരോധനം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് യുവാക്കള്‍ ജോലി ചെയ്യാന്‍ വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം മദ്യനിരോധനം നിലനില്‍ക്കുന്നതാണെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ ജനവാസമേഖല കൂടിയായ ഗിഫ്റ്റ് സിറ്റിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തമാണ്. മദ്യനിരോധനം പിന്‍വലിക്കണമെന്ന് വര്‍ഷങ്ങളായി വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടായിരുന്നെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ തീരുമാനമെടുക്കാൻ തയാറായില്ല. അന്താരാഷ്ട്ര കമ്പനികളുടെ ഓഫീസുകള്‍ ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മദ്യനിരോധനം മാറ്റേണ്ട സാഹചര്യം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top