പണമില്ലാത്തതിനാൽ റിലീസ് വീണ്ടും മുടങ്ങി, ധ്രുവനച്ചത്തിരം ഇനിയെന്നെത്തും
ഇന്നുവരും നാളെവരും എന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിന്റെ സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം.
ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടാകുമെന്നാണ് (നവംബർ 24) അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പതിവ് പോലെ റിലീസ് വീണ്ടും മാറ്റി. സംവിധായകന്‍ ഗൗതം മേനോനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാം തവണയാണ് സാമ്പത്തിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവയ്ക്കുന്നത്. എക്സില്‍ പങ്കുവച്ച കുറിപ്പിൽ ചിത്രം റിലീസ് ചെയ്യാൻ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ പറയുന്നത്.
ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും വാങ്ങിയ 2.6 കോടി രൂപ സെറ്റിൽ ചെയ്താൽ മാത്രമേ ചിത്രം റിലീസ് ചെയ്യാനാകൂ. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവർക്ക് തിരിച്ചു നൽകണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ പണം കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ഉൾപ്പെടെ ആരംഭിച്ചിരുന്നു. മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്തതും ഗൗതം മേനോന് തിരിച്ചടിയായി.
ഒൻട്രാഗ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ധ്രുവനച്ചത്തിരം ഒരുങ്ങുന്നത്. വിക്രം സ്പൈ ഏജന്റ് ജോൺ ആയി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. രണ്ട് ഭാഗങ്ങളായാണ് റിലീസ്. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. 2016ൽ ചിത്രീകരണം ആരംഭിച്ച ചിത്രം 2018 – ൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം നിർത്തിവച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here