ഡിസ്നി സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് വയാകോമും ലയിക്കുന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം ഇനി റിലയന്‍സിന്‍റെ കൈയില്‍

മുംബൈ: അമേരിക്കന്‍ വ്യവസായ രംഗത്തെ ഭീമനായ വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ വ്യാപാരം റിലയന്‍സുമായി ലയിപ്പിക്കും. ഡിസ്നിയുടെ സ്റ്റാര്‍ ഇന്ത്യയും റിലയന്‍സിന്റെ വയാകോം 18ഉം തമ്മില്‍ ലയിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. ടെലിവിഷന്‍ സംപ്രേഷണം, സ്ട്രീമിംഗ്, സിനിമ, കായികം എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യമാണ് കരാറോടെ റിലയന്‍സിന്റെ കൈപ്പിടിയിലാകുന്നത്. കരാര്‍ പ്രകാരം നിർദ്ദിഷ്ട സംയുക്ത കമ്പനിയുടെ 61% ഓഹരി റിലയൻസിനും 33% ഡിസ്നിക്കുമായിരിക്കും. 33,000കോടി രൂപയുടേതാണ് കരാര്‍.

സ്റ്റാര്‍ ഇന്ത്യയും വയാകോം 18 ഉം ഒന്നാകുന്നതോടെ സ്റ്റാർ പ്ലസ്, കളേഴ്‌സ്, സ്റ്റാർ സ്‌പോർട്‌സ് തുടങ്ങി നൂറിലധികം ടിവി ചാനലുകള്‍ ഈ സംയുക്ത സ്ഥാപനത്തിന് കീഴില്‍ വരും. രാജ്യത്തെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നി + ഹോട്ട്‌സ്റ്റാറും, ജിയോസിനിമയും ഈ പുതിയ സംരംഭത്തിന്‍റെ കീഴിലാകും. സബ്‌സ്‌ക്രിപ്‌ഷനും പരസ്യങ്ങളുമായി ഈ സംയുക്ത സംരംഭമാകും മാര്‍ക്കറ്റ് കീഴടക്കുന്നത്.

ടെലിവിഷന്‍ സ്ട്രീമിംഗ് രംഗത്തെ 40%ത്തിലധികം വിപണി വിഹിതം കയ്യടക്കുമെന്നതിനാല്‍ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. റിലയന്‍സിന്റെയും ഡിസ്നിയുടെയും 65:35 സംയുക്ത സംരംഭമായ പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് പോലുള്ള കായിക ആസ്തികള്‍ ലയനത്തിലൂടെ പുതിയ സംരംഭത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടും. അതോടൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവയുടെ ക്രിക്കറ്റ് ബോർഡുകൾ, പികെഎൽ, ഐഎസ്എൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എൻബിഎ, ഒളിമ്പിക്സ്. ഉൾപ്പെടെ എല്ലാ പ്രധാന സ്പോർട്സ് പ്രോപ്പർട്ടികളുടെയും ടിവി, ഡിജിറ്റൽ അവകാശങ്ങളും സംയുക്ത സ്ഥാപനത്തിന് ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതിക്കായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. സംയുക്ത കമ്പനിയെ ആര് നയിക്കുമെന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top