വിധി സ്വാഗതം ചെയ്യുന്നു; ഉന്നത ഗൂഡാലോചന പുറത്തു കൊണ്ടുവരാന്‍ നിയമപോരാട്ടം തുടരും: കെ.കെ.രമ
കൊച്ചി : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെ.കെ.രമ എംഎല്‍എ. നേരത്തെ കീഴ്‌ക്കോടതി ഗൂഡാലോചനയില്‍ പ്രതി ചേര്‍ക്കാതെ ഒഴിവാക്കിയവര്‍ക്കു കൂടി ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ട്. വിധി പൂര്‍ണ്ണമായും പരിശോധിച്ച ശേഷം നിയമപോരാട്ടം ആവശ്യമാണെങ്കില്‍ കോടതിയെ സമീപിക്കും. രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്ന സന്ദേശമാണ് കോടതി വിധി നല്‍കുന്നത്. ഗൂഡാലോചന നടത്തിയ മുഴുവന്‍ പേരും പുറത്തു വന്നതായി കരുതുന്നില്ല. ഉന്നതതലത്തില്‍ ആരൊക്കെ ഗൂഡാലോചന നടത്തിയെന്ന വിവരം പുറത്തു വന്നിട്ടില്ല. അതിനായി നിയമപോരാട്ടം തുടരുമെന്നും രമ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എംപി നേതാവ് എന്‍.വേണു പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാന്‍ കീഴ്‌ക്കോടതി മുതല്‍ ഹൈക്കോടതി വരെ സിപിഎം നിയമപോരാട്ടം നടത്തി. കൊലപാതകത്തിന് പിന്നിലുള്ളവര്‍ മുഴുവനായി പുറത്തുവന്നുവെന്ന് കരുതുന്നില്ല. അതിനായി സുപ്രീംകോടതി വരെ നിയമപോരാട്ടം തുടരുമെന്നും വേണു പറഞ്ഞു.
കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് ഇരട്ട ജീവപര്യന്തമായാണ് ഹൈക്കോടതി ശിക്ഷ ഉയര്‍ത്തിയത്. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്നും പരോള്‍ പോലും അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.സിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. കേസില്‍ ഏറ്റവുമൊടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here