സിപിഎമ്മിനെ തള്ളി പാനൂര്‍ സ്ഫോടനം റിമാന്‍ഡ് റിപ്പോര്‍ട്ട് ; ബോംബ് രാഷ്ട്രീയ എതിരാളികൾക്ക് എതിരെയുള്ളത്; രക്ഷാപ്രവര്‍ത്തന’ത്തിന് എത്തിയ അമല്‍ബാബു ശ്രമിച്ചത് തെളിവ് നശിപ്പിക്കാന്‍

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിലെ റിമാന്‍ഡ് റിപ്പോർട്ട് സിപിഎമ്മിന്റെ വാദങ്ങള്‍ക്കെതിര്. പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനാണെന്ന ഗുരുതര കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞ അമല്‍ ബാബു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബോംബ് നിർമാണത്തിന് തിരഞ്ഞെടുപ്പുമായോ കക്ഷി രാഷ്ട്രീയവുമായോ ബന്ധമില്ലെന്ന സിപിഎം വാദത്തെ പൊളിക്കുന്നതാണ് പോലീസിന്റെ റിപ്പോർട്ട്.

കേസിലെ ആറും ഏഴും പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരായ സി.സായൂജ്, പി.വി.അമൽ ബാബു എന്നിവർക്ക് എതിരായ റിമാന്‍റ് റിപ്പോർട്ടാണ് പുറത്തുവന്നത്. പോലീസ് കണ്ടെത്തിയ ഏഴ് ബോംബുകള്‍ ഒളിപ്പിക്കാനും തെളിവ് നശിപ്പിക്കാനും അമല്‍ബാബു ശ്രമിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോംബ് നിർമാണത്തിനിടെ പാനൂരില്‍ സ്ഫോടനം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകനായ ഷെറിന്‍ ആണ് കൊല്ലപ്പെട്ടത്. ഒരാളുടെ കൈപ്പത്തി തകരുകയും ചെയ്തു. പാനൂര്‍ മുളിയാത്തോട് വീടിന്‍റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top