‘രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ വധശിക്ഷ റദ്ദാക്കണം’; ഹൈക്കോടതിയെ സമീപിച്ച് നാല് പ്രതികള്‍

കൊച്ചി: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍. കേസിലെ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. അപ്പീലില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസമാണ് കേരളത്തെ നടുക്കിയ കൊലകേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

പ്രതികള്‍ നിരോധിത തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരാണെന്നും നിരീക്ഷിച്ച കോടതി പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍വരുമെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു.

2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ ആലപ്പുഴ വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു  രഞ്ജിത്ത് ശ്രീനിവാസന്‍റെ വധം. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു ഇത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, അബ്ദുല്‍ കലാം, മന്‍ഷാദ്, അബ്ദുല്‍ കലാം, ജസീബ് രാജ, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍ ഷാജി, ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്നുമുതല്‍ 15 വരെ പ്രതികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top