കന്നഡ താരം ദർശൻ പ്രതിയായ കൊലക്കേസില്‍ പവിത്ര ഒന്നാം പ്രതി; ദര്‍ശനെ രണ്ടാം പ്രതിയാക്കി; കൊല നടത്തിയത് പവിത്രയുടെ നിര്‍ദേശപ്രകാരം എന്ന് പോലീസ്
ബെംഗളൂരു: ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ (33) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കന്നഡ താരം പവിത്ര ഗൗഡ ഒന്നാം പ്രതി. കന്നഡ സൂപ്പര്‍താരമായ ദർശൻ തൂഗുദീപയാണ് രണ്ടാം പ്രതി. രേണുകാസ്വാമിയെ കൊലപ്പെടുത്തിയത് പവിത്ര ഗൗഡയുടെ നിർദേശപ്രകാരം ആണെന്ന് കണ്ടെത്തിയതോടെയാണ് കേസില്‍ പവിത്രയെ പോലീസ് ഒന്നാം പ്രതിയാക്കിയത്.
ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തി എന്നാണ് പോലീസ് പറഞ്ഞത്. ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികിട്ടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
നടി പവിത്രയും ദർശനുമായി പത്തുവർഷമായി ബന്ധമുണ്ട്. പവിത്രയ്ക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ ‘ ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു.
ഇതിനെതിരെ ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്ക്കു നേരേ ദർശന്റെ ആരാധകര്‍ തിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായതോടെ പവിത്രയ്ക്ക് എതിരെ പ്രതിഷേധവും പുകഞ്ഞു.
ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. പവിത്രയുടെ രോഷം രേണുകാസ്വാമിക്ക് നേരെയായി. ഇയാളെ വകവരുത്താന്‍ പവിത്രയാണ് തീരുമാനിച്ചത്. ഇതാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ കേസില്‍ പവിത്ര ഒന്നാം പ്രതിയായി മാറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here