“ബിന്ദു കൃഷ്ണ സൂപ്പർ മാർക്കറ്റ്, കോൺഗ്രസ് പുനസംഘടന വില പട്ടിക”; കൊല്ലത്ത് പോസ്റ്റർ കലാപം

എം.മനോജ്‌ കുമാര്‍

കൊല്ലം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ച് കെപിസിസി പ്രഖ്യാപനം വന്നതോടെ കൊല്ലത്ത് കോണ്‍ഗ്രസില്‍ കലാപം. എ-ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് കെസി വേണുഗോപാല്‍ ഗ്രൂപ്പിനെതിരെയാണ് പടപ്പുറപ്പാട് നടത്തുന്നത്. പുന:സംഘടനാ സമിതി തീരുമാനം അട്ടിമറിച്ച് കെസി ഗ്രൂപ്പ് കൂടുതല്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈവശമാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും ഗ്രൂപ്പ് പോര് ശക്തമാണ്.

കെസിയ്ക്ക് ഒപ്പം പോയി ഐ ഗ്രൂപ്പിനെ നിലംപരിശാക്കിയെന്ന ആരോപണം നേരിടുന്ന മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബിന്ദു കൃഷ്ണ സൂപ്പര്‍മാര്‍ക്കറ്റ്. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഒരു ലക്ഷം, വനിതകള്‍ക്ക് 50000, റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം’. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഈ പോസ്റ്റര്‍ പ്രചരിക്കുന്നത്. കൊല്ലത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകര്‍ത്താണ് കെസി വിഭാഗം ആധിപത്യത്തിന് തുടക്കമിട്ടത്. മണ്ഡലം പ്രസിഡന്റുമാരില്‍ 26 സീറ്റുകള്‍ ഐ-ക്കും 13 സീറ്റുകള്‍ എ-ക്കും പോയപ്പോള്‍ 39 സീറ്റുകള്‍ കെസി വിഭാഗവും 22 സീറ്റുകള്‍ കൊടിക്കുന്നില്‍ വിഭാഗവും കൈവശപ്പെടുത്തി. ഇതോടെ മേധാവിത്തം നഷ്ടമായതാണ് എ-ഐ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.

പരമ്പരാഗതമായി എ-ഐ ഗ്രൂപ്പുകള്‍ ധാരണയോടെ സീറ്റുകള്‍ കൈവശം വെച്ച് പോരുന്നിടത്താണ് പുതിയ മാറ്റം വന്നത്. ആകെ 136 മണ്ഡലം കമ്മറ്റികളാണ് ഉള്ളത്. ഇതില്‍ 78 പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഏകകണ്ഠ തീരുമാനമാണ് പുന:സംഘടനാ സമിതിയില്‍ വന്നത്. 57 സീറ്റുകളില്‍ പാനല്‍ പേരുകളായാണ് ഡിസിസി നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ ഈ ലിസ്റ്റ് കെപിസിസിയിലേക്ക് പോകുന്നതിനു മുന്‍പ് അട്ടിമറി നടത്തിയെന്നാണ് ആരോപണം. പാനലിലെ പേരുകള്‍ വെട്ടിമാറ്റി ഒരൊറ്റ പേര് മാത്രം എഴുതി ലിസ്റ്റ് കെപിസിസിയ്ക്ക് കൈമാറുകയായിരുന്നെന്നാണ് ഐ-ഐ ഗ്രൂപ്പ് നേതാക്കള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. കെപിസിസിയുടെ മുന്‍പില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിലവിലെ പാനല്‍ അംഗീകരിക്കില്ലെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കിയത്.

കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലാണ് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നത്. കരുനാഗപ്പള്ളിയിലെ 11 മണ്ഡലങ്ങളില്‍ കരുനാഗപ്പള്ളി സൗത്ത്, കല്ലേലില്‍ ഭാഗം, പാവുമ്പ, ഓച്ചിറ, ക്ലാപ്പന എന്നീ അഞ്ച് സീറ്റുകള്‍ കെസി ഗ്രൂപ്പിന് പോയെന്ന് ഐ വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍.മഹേഷിന്റെ മധ്യസ്ഥതയിലാണ് സീറ്റുകള്‍ നല്‍കിയത്. ചെന്നിത്തല പക്ഷത്തുള്ള സി.ആര്‍.മഹേഷ്‌ ഈ ലിസ്റ്റിന് ആദ്യം അംഗീകാരം നല്‍കുകയും ഗ്രൂപ്പില്‍ നിന്നും സമ്മര്‍ദ്ദം വന്നതോടെ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പ്രതികരണത്തിന് മഹേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

മുന്‍പ് കൊല്ലത്ത് ഭൂരിപക്ഷം സീറ്റുകളും ഐ ഗ്രൂപ്പിന്റെ കയ്യിലായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. ഏകകണ്ഠമായി തീരുമാനിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പാനലാണ് നല്‍കിയത്. ഇതില്‍ അട്ടിമറി നടന്നു. മൂന്ന് വര്‍ഷം കഴിയാത്ത മണ്ഡലം പ്രസിഡന്റുമാരെ തുടരാന്‍ അനുവദിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതും ലംഘിക്കപ്പെട്ടു- ഒരു ഐ ഗ്രൂപ്പ് നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ചില സീറ്റുകള്‍ ഞങ്ങളുടെ കയ്യില്‍ നിന്നും നഷ്ടമായിട്ടുണ്ട്. ധാരണകള്‍ എല്ലാം ലംഘിക്കപ്പെട്ടു. കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്-എഗ്രൂപ്പ് നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

‘ലിസ്റ്റില്‍ അട്ടിമറി നടന്നിട്ടില്ല. മാറ്റങ്ങള്‍ കെപിസിസി അംഗീകരിച്ചതാണ്. എല്ലാ സമവാക്യങ്ങളും പരിഗണിച്ചാണ് ലിസ്റ്റ് നല്‍കിയത്. ലിസ്റ്റില്‍ പല മാറ്റങ്ങളും കെപിസിസി നടത്തിയിട്ടുണ്ട്-കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഡിസിസിയെ പഴി പറയുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ട്‌. അവരെയെല്ലാം പരിഗണിച്ചാണ് ലിസ്റ്റ് നല്‍കിയത്-രാജേന്ദ്രപ്രസാദ് പറയുന്നു.

‘ഞാന്‍ ഗ്രൂപ്പുകാരിയല്ല. കോണ്‍ഗ്രസുകാരിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പമാണ് നിലകൊള്ളുന്നത്. എന്റെ പേരില്‍ ഇറങ്ങിയ പോസ്റ്റര്‍ ഒരു ചാനലിന്റെ സൃഷ്ടിയാണ്. മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ എനിക്ക് റോളില്ല. ഒരൊറ്റ രാത്രികൊണ്ട് കെസിയുടെ ഗ്രൂപ്പിലേക്ക് പോയെന്നുള്ളത് ചിലരുടെ ഭാവനയാണ് -ബിന്ദു കൃഷ്ണ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കൊല്ലത്ത് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചിട്ടുണ്ട്. തര്‍ക്കമുള്ള ചില സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. കെസി ഗ്രൂപ്പൊന്നും ഉദയം ചെയ്തിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറി എം.എം.നസീര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top