കേന്ദ്രം ഒഴിവാക്കുന്ന ഡിജിപിക്ക് കേരളത്തിലിനി യൂണിഫോം കിട്ടില്ല; നിതിൻ അഗർവാളിന് നിയമനം പോലീസിന് പുറത്ത് മാത്രം

അതിർത്തി രക്ഷാസേനയുടെ (Border Security Force) മേധാവി സ്ഥാനത്തുനിന്ന് തെറിച്ച ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാളിന് ഇനി കേരളത്തിലേക്ക് മടങ്ങാതെ വഴിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രണ്ടുതവണ കേരളത്തിൽ പോലീസ് മേധാവിയാകാൻ അവസരം ഉണ്ടായെങ്കിലും താൽപര്യമില്ലെന്ന് അറിയിച്ച് കേന്ദ്രത്തിൽ ഉന്നതപദവിയിൽ തുടർന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ കേന്ദ്രം അച്ചടക്കനടപടിക്ക് സമാനമായ നീക്കത്തിലൂടെ തിരിച്ചയക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് വഴിയില്ലാതെയാണ് മടക്കം.

രണ്ടാഴ്ചക്കുള്ളിൽ മടങ്ങിയെത്തുന്ന നിതിൻ അഗർവാൾ ദീർഘകാല അവധിയിൽ പോകുന്നില്ലെങ്കിൽ പോലീസ് ഉന്നത തലത്തിൽ അഴിച്ചുപണി ഉണ്ടാകും. സ്വയം വിരമിച്ച ഡിജിപി ടി.കെ.വിനോദ് കുമാറിന് പകരം വിജിലൻസിൽ പുതിയ ആളെ നിയമിക്കേണ്ടതുണ്ട്. ഈ മാസം 11ന് വിനോദ് കുമാർ വിജിലൻസ് ഡയറക്ടറുടെ കസേര ഒഴിയും. ആ പദവിയിൽ ഫയർഫോഴ്സ് മേധാവി കെ.പത്മകുമാറിനെ നിയമിക്കുന്ന പക്ഷം നിതിൻ അഗർവാളിനെ ഫയർഫോഴ്സിൽ നിയമിക്കാം.

സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനേക്കാൾ സീനിയർ ആയതിനാൽ നിതിൻ അഗർവാളിന്‌ ഇനി കാക്കിയിട്ട് പോലീസിൽ ജോലി ചെയ്യാനാകില്ല. പോലീസ് മേധാവിയുടെ കീഴിൽ, അദ്ദേഹത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന വിഭാഗത്തിലൊന്നും നിയമിക്കാൻ കഴിയില്ല എന്നതാണ് കാരണം. രണ്ടുമാസം മുൻപ് സർക്കാർ കാലാവധി നീട്ടിക്കൊടുത്ത ദർവേഷ് സാഹിബിനെ നീക്കി ആ പദവിയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുവരാൻ ഒരു സാധ്യതയുമില്ല.

പോലീസ് മേധാവിക്ക് തുല്യ പദവിയുള്ള വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിയമിക്കാമെങ്കിലും ഈ സർക്കാർ അതിന് തയ്യാറായേക്കില്ല. 2026 വരെ സർവീസുള്ള നിതിൻ അഗർവാളിന് ഇനി കേന്ദ്രത്തിലേക്ക് ഒരുമടക്കത്തിന് സാധ്യത വിരളവുമാണ്. കേരളത്തിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മുൻപും മടക്കിയിട്ടുണ്ടെങ്കിലും തന്ത്രപ്രധാന പദവിയിലിരിക്കെ ഇത്ര മുതിർന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്നത് തീർത്തും അസാധാരണമാണ്.

ALSO READ: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കേന്ദ്രം തിരിച്ചയക്കുന്നു; ബിഎസ്എഫ് തലപ്പത്തുനിന്ന് തെറിക്കുന്നത് രണ്ടുപേർ; ഗുരുതര അച്ചടക്കനടപടി

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീർത്തും അപ്രതീക്ഷിത നീക്കത്തിലൂടെ ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിനെയും സ്പെഷ്യൽ ഡയറക്ടർ ജനറൽ വൈ.ബി.ഖുറാനിയയെയും മടക്കി അയക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ജമ്മുവിലെ സൈനിക നടപടികളിലെ വീഴ്ചയെ തുടർന്നാണ് നടപടിയെന്ന് സൂചനകൾ പുറത്തു വരുന്നെങ്കിലും സ്ഥിരീകരണമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top