‘മല്ലു ഹിന്ദു ഗ്രൂപ്പ്’ അഡ്മിനെതിരെ നടപടി വേണം; കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

ഹിന്ദുക്കളായ ഐഎഎസുകാരെ ചേർത്ത് വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് നൽകി. പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ.

തൻ്റെ ഫോണുകൾ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നായിരുന്നു വിവാദമായപ്പോൾ ഗോപാലകൃഷ്ണൻ്റെ വാദം. ഫോൺ ആരോ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഫോണുകൾ വിദഗ്ധ പരിശോധന നടത്തിയ പോലീസ് ഗോപാലകൃഷ്ണൻ്റെ വാദം തള്ളി. ഫോണുകളിൽ ഹാക്കിംഗ് നടന്നിട്ടില്ലെന്നും ഇതേ ഫോണിൽ നിന്ന് തന്നെയാണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നും വ്യക്തമായി.

ഫോണുകളിൽ ഹാക്കർമാർ നുഴഞ്ഞ് കയറിട്ടില്ലെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥ സ്ഥാപനായ മെറ്റയും ഗൂഗിളും പോലീസിന് റിപ്പോർട്ട് നൽകിയിരുന്നു. ഫോറൻസിക് പരിശോധനയിലും ഹാക്കിംഗ് സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകൾ കിട്ടിയില്ല. ഇക്കാര്യങ്ങൾ കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് കൈമാറിയിരുന്നു.

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു ഹിന്ദു ഗ്രൂപ്പ് എന്ന പേരിൽ വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഗ്രൂപ്പും രൂപീകരിച്ചു. ഹാക്കിങ് നടന്നവെന്ന വാദത്തിന് ബലം പകരാനായിരുന്നു ശ്രമം. ഇത് കൂടുതൽ കുരുക്കായി. ഹാക്കിംഗ് നടത്തി തൻ്റെ ഫോണിൽ 11 ഗ്രൂപ്പുകൾ ആരോ ഉണ്ടാക്കിയെന്ന ഗോപാലകൃഷ്ണൻ്റെ വാദവും പോലീസ് തള്ളി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top