സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് ഇഡി നീക്കം; മൂഡ അഴിമതി ആരോപണത്തില്‍ കേന്ദ്ര ഏജന്‍സി എത്തുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിര ഇഡി കേസെടുക്കും. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി (മുഡ) 14 സൈറ്റുകള്‍ അനുവദിച്ചതില്‍ 4000 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിലെ കള്ളപ്പണ ഇടപാട് നടന്നോ എന്ന് അന്വേഷിക്കാനാണ് കേന്ദ്ര ഏജന്‍സി എത്തുന്നത്.

ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്ന് കാട്ടി ലോകായുക്തയില്‍ ലഭിച്ച പരാതിയില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇതിനു പിന്നാലെ സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത പൊലീസിന് ജനപ്രതിനിധികളുടെ പ്രത്യേക കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം ലോകായുക്ത പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകുയും ചെയ്തു.

സിദ്ധരാമയ്യ, ഭാര്യ പാര്‍വ്വതി. ഭാര്യ സഹോദരന്‍മാരായ മല്ലികാര്‍ജ്ജുന്‍ സ്വാമി, ദേവരാജു എന്നിവര്‍ക്കെതിരയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതത്. ഈ എഫ്‌ഐആറിന്റെ ചുവട് പിടിച്ച് കള്ളപ്പണ ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഇഡി നീക്കമെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകായുക്ത കേസിന് പിന്നാലെ ഇഡി കൂടി എത്തിയാല്‍ സിദ്ധരാമയ്യ ഏറെ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരിവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ മാത്യകയില്‍ ഒരു നീക്കം കര്‍ണാടകയിലും ഉണ്ടാകുമോ എന്ന ആശങ്കയും സിദ്ധരാമയ്യയ്ക്കുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള ബിജെപി നീക്കം എന്ന് ആരോപിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റേയും സിദ്ധരാമയ്യയുടേയും നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top