നികേഷ് കുമാര്‍ ‘റിപ്പോർട്ടർ’ വിടുന്നു; മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് പൊതുരംഗത്ത് സജീവമാകും
28 വര്‍ഷത്തെ മാധ്യമ ജീവിതത്തിന് തിരശീലയിട്ട് എം.വി.നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ പദവി ഒഴിഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉദ്ദേശ്യം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മത്സരിക്കാന്‍ നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു.
പൊതുരംഗത്ത് സജീവമാകാനാണ് മാധ്യമ പ്രവര്‍ത്തനം ഒഴിയുന്നതെന്നും സിപിഎം അംഗമായി പൊതുരംഗത്ത് ഉണ്ടാകുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് നികേഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിക്കുന്നത്. ചാനല്‍ കൈമാറിയെങ്കിലും എഡിറ്റര്‍ സ്ഥാനത്ത് തുടരുകയായിരുന്നു.
സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ മകനാണ്. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സിഇഒയായി. തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുന്നത്. മാധ്യമ പ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം അടക്കം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here