അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ പണം മുടക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവി; സര്‍ക്കാരിന് കാൽകാശിൻ്റെ ചെലവില്ല
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് എന്നത് ഫുട്‌ബോള്‍ പ്രേമികളെ ആകെ ആവേശത്തിലാക്കിയ കാര്യമാണ്. അടുത്ത വര്‍ഷം ഒക്ടോബര്‍ മാസത്തോടെയാകും മെസിയും കൂട്ടരും കേരളത്തില്‍ എത്തുക. ഇതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പിനും സൗഹൃദ മത്സരത്തിനും പ്രധാന സ്പോണ്‍സര്‍മാരെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പ്രമുഖ വാര്‍ത്താ ചാനല്‍ ഉടമകളായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സൗഹൃദ മത്സരത്തിന്റെ പ്രധാന സ്പോണ്‍സര്‍. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയായി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്പോര്‍ട്സ് ആന്റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
മത്സരത്തിന്റെ സാമ്പത്തിക സ്പോണ്‍സര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത് റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ ഉടമകളും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായിരിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും.
ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്പെയിനില്‍ വച്ച് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനുമായി കായിക മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒന്നര മാസത്തിനകം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് സംയുക്തമായി മത്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
നിരവധി വ്യവസായികള്‍ മത്സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിന് താല്പ്പര്യം അറിയിച്ചിരുന്നു. ചുരുക്കത്തില്‍ നയാപൈസ ചിലവില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ എത്തിക്കുന്നതും മത്സരം നടത്തുന്നതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here