റിപ്പബ്ളിക് ദിന പരേഡിൽ എൻഎസ്എസ് കേഡറ്റുകളെ കന്യാസ്ത്രി നയിക്കും; അപൂർവ നേട്ടവുമായി സിസ്റ്റർ നോയൽ റോസ്
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഇതാദ്യമായി കേരളത്തിൽ നിന്നുള്ള നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) കേഡറ്റുകളെ നയിക്കുന്നത് കന്യാസ്ത്രി. തൊടുപുഴ ന്യൂമാൻസ് കോളജിലെ അധ്യാപികയായ സിസ്റ്റർ നോയൽ റോസിനാണ് ഈ അപൂർവ നിയോഗം ലഭിച്ചത്. സിഎംസി (കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍) സന്ന്യാസി സഭാംഗമാണ് കാലടി സ്വദേശിയായ സിസ്റ്റർ. നിലവിൽ ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസറാണ്.
ആദ്യമായാണ് കന്യാസ്ത്രീ ഇങ്ങനെയൊരു ചുമതല റിപ്പബ്ലിക് ദിന പരേഡിൽ വഹിക്കുന്നത്. എന്‍എസ്എസിന്റെ 12 അംഗ വൊളന്റിയര്‍ സംഘമാണ് കേരളത്തില്‍നിന്ന് പരേഡില്‍ പങ്കെടുക്കുന്നത്. രണ്ട് തവണ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി സിസ്റ്റർ നോയലിനെ തിരഞ്ഞെടുത്തിട്ടുണ്ട്. മൂവായിരം പ്രോഗ്രാം ഓഫീസര്‍മാരില്‍ നിന്നാണ് റിപ്പബ്ളിക് ദിന പരേഡ് നയിക്കാനുള്ള ലീഡറെ തിരഞ്ഞെടുത്തത്. അധ്യാപന രംഗത്തും മികവ് പുലർത്തിയിട്ടുള്ള വ്യക്തിയാണ് സിസ്റ്റർ. 17 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാളം വിഭാഗത്തിൽ പ്രൊഫസറാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പരേഡിൽ പങ്കെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ലീഡര്‍മാര്‍ അവര്‍ക്കുള്ള ഇരിപ്പിടത്തിലാകും. ഡല്‍ഹിയിലെത്തിയ സംഘം അവിടെ ആര്‍മി ഓഫീസര്‍മാരുടെ കീഴീല്‍ പരിശീലനത്തിലാണ്. രാജ്യത്ത് 45 ലക്ഷത്തോളം എന്‍എസ്എസ് വൊളന്റിയര്‍മാരുണ്ട്. സംസ്ഥാനത്ത് നാലു ലക്ഷത്തോളവും. ആകെ 200 വൊളന്റിയര്‍മാരാണ് പരേഡില്‍ പങ്കെടുക്കുന്നത്. ഇതിലാണ് കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നായി 12 പേര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here