മണിച്ചൻ്റെ അപേക്ഷ ഫയലിൽ; നിഷേധിച്ച് ധനവകുപ്പ് നിയമസഭയിൽ; എന്തിനീ ഒളിച്ചുകളി സർക്കാരേ
അബ്കാരി കരാറുകാരൻ മണിച്ചൻ എന്ന ചന്ദ്രൻ്റെ രാഷ്ട്രിയബന്ധങ്ങൾ വൻ വിവാദമായിരുന്നു. 31 പേർ കൊല്ലപ്പെട്ട കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പുറത്തുവന്ന മണിച്ചൻ്റെ മാസപ്പടി ഡയറി സിപിഎമ്മിന് കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കിയത്. അക്കാലത്ത് സംസ്ഥാന നേതൃത്വത്തിൽ ഉണ്ടായിരുന്ന പ്രബലരായ പലർക്കും മണിച്ചനുമായി ഉണ്ടായിരുന്ന ബന്ധമാണ് അതിലൂടെ പുറത്തുവന്നത്.
22 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി 2022 ഒക്ടോബറിലാണ് മണിച്ചൻ പുറത്തിറങ്ങിയത്. ശിക്ഷായിളവിനായി 35 ലക്ഷം പിഴ ഒടുക്കണമെന്ന് സംസ്ഥാന സർക്കാർ നിലപാട് എടുത്തെങ്കിലും ഇത് ഒഴിവാക്കി സുപ്രീം കോടതിയാണ് മോചിപ്പിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞയാൾക്ക് വരുമാനത്തിന് ഒരുവഴിയുമില്ലെന്നും പിഴയൊടുക്കാൻ കഴിയില്ലെന്നും ഉള്ള വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ജയിൽ മോചനത്തിന് ശേഷം ഒരുവർഷം എത്തിയപ്പോഴാണ് അബ്കാരി ബിസിനസ് കാലത്ത് കുടിശിക ഉണ്ടായിരുന്ന തുക ഇളവുചെയ്ത് കിട്ടാനായി മണിച്ചൻ സർക്കാരിന് അപേക്ഷ നൽകിയത്. തുക 27 കോടിയോളം വരുമെന്നാണ് ഏകദേശ കണക്ക്. വ്യാജമദ്യ ദുരന്തക്കേസിൽ പ്രതിയായി മണിച്ചൻ ജയിലിൽ ആയതിന് പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി പിടികൂടിയ രേഖകളുടെ അടിസ്ഥാനത്തിൽ ആണ് വിൽപന നികുതി കണക്കാക്കിയത്.
ഇളവ് തേടി 2007ൽ മണിച്ചൻ ഹൈക്കോടതിയെ സമീപിക്കുമ്പോൾ തുക എട്ടുകോടി ആയിരുന്നു. അപേക്ഷ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ്റെ ബെഞ്ച് തള്ളിയ ശേഷം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തെങ്കിലും അതും നിരസിക്കപ്പെട്ടു. 15 വർഷം എത്തുമ്പോൾ പലിശ സഹിതം കുടിശിക നേരെ ഇരട്ടിയിലധികം ആയിട്ടുണ്ടാകും. ഇത് ഒഴിവാക്കി കിട്ടാൻ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വാണിജ്യനികുതി കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടുള്ളത്.
ALSO READ: മണിച്ചൻ്റെ കുടിശ്ശിക ഇളവുചെയ്യാൻ നീക്കം; സർക്കാരിന് ശുപാർശ അയച്ച് വാണിജ്യനികുതി കമ്മിഷണർ
മണിച്ചൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ SGST/7119/2023-TPS9(HQ)1 എന്ന നമ്പറിൽ പുതിയ ഫയൽ തുറന്നത് കഴിഞ്ഞ വർഷം ഡിസംബർ 11നാണ്. അതേ ഡിസംബർ 27ന് തന്നെ ഇതിന്മേലുള്ള ശുപാർശ ജിഎസ്ടി കമ്മിഷണർ സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. അതായത് ഫയൽ സർക്കാരിൻ്റെ സജീവ പരിഗണനയിലുണ്ടെന്ന് ചുരുക്കം. എന്നാൽ ഇങ്ങനെയൊരു ശുപാർശയോ അപേക്ഷ പോലുമോ ഇല്ലെന്നാണ് സജീവ് ജോസഫിൻ്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചത്.
കോടികളുടെ നികുതി കുടിശിക വരുത്തിയ കുപ്രസിദ്ധമായ കേസിലെ പ്രതി ഇളവുതേടി സർക്കാരിലേക്ക് അപേക്ഷ നൽകുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഫയൽ നീക്കം നോക്കിയാൽ വ്യക്തമാകും. ഈ സാഹചര്യത്തിൽ അപേക്ഷയുണ്ടെന്ന വസ്തുത പോലും നിഷേധിക്കുന്ന സർക്കാർ നടപടി ദുരൂഹത ഉളവാക്കുന്നതാണ്. ഇളവുതേടി മണിച്ചൻ സർക്കാരിനെ സമീപിച്ചുവെന്ന വാർത്ത ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here