പുകവലി നിര്‍ത്താന്‍ പറ്റുന്നില്ലേ? പരിഹാരവുമായി ഗവേഷകര്‍
ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും ഇക്കുറി പുകവലി നിര്‍ത്തും എന്ന് തീരുമാനിക്കുകയും അത് നടത്താനാകാതെ വലയുകയും ചെയ്ത എത്രപേര്‍ ഉണ്ടാകും! അത്തരക്കാര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയിതാ. ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷൻ ആന്‍ഡ് റിസര്‍ച്ചിലെ ഫാക്കല്‍റ്റി ഓഫ് ഫാര്‍മസിയിലെ ഗവേഷക സംഘം, നിക്കോട്ടിന്‍ ആസക്തിയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു പുതിയ ചികിത്സാരീതി കണ്ടെത്തിയിരിക്കുന്നു.
വൈറ്റമിന്‍ സി ഉപയോഗിച്ചുള്ള ചികിത്സയാണിത്. അഡ്വാന്‍സ് ഇന്‍ റെഡോക്‌സ് റിസര്‍ച്ച് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ വൈറ്റമിന്‍ സിയുടെ നേര്‍ത്ത ഫിലിമുകള്‍ നാവിനടിയില്‍ വയ്ക്കാം. അത് അലിഞ്ഞ് ഇല്ലാതാകും. ഫിലിമില്‍ അടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡ് പുകവലിക്കാരുടെ രക്തത്തിലെ പ്ലാസ്മയിലുള്ള കോടിനിന്‍ എന്ന ഘടകത്തെ നിക്കോട്ടിനാക്കി മാറ്റും. അതോടെ നിക്കോട്ടിന്‍ കിട്ടാതാകുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന ആസക്തിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാകും. പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ആധിക്യവും കുറയ്ക്കാം. ഇത് നിക്കോട്ടിന്‍ ആസക്തിക്കെതിരായ ചികിത്സയില്‍ വിപ്ലവും സൃഷ്ടിക്കും എന്നാണ് പഠനം അവകാശപ്പെടുന്നത്.
പുകയില ഉല്‍പ്പന്നങ്ങളിലുള്ള നിക്കോട്ടിന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിയുമ്പോഴാണ് കോടിനിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ പ്രവേശിക്കുന്ന നിക്കോട്ടിന്‍ കോടിനിന്‍ ആയി സംഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് ക്യാന്‍സറിന് വഴിവയ്ക്കുന്നത്. രക്തത്തിലെ കോടിനിന്റെ അളവ് പരിശോധിച്ചാണ് പുകവലി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആധിക്യം മനസ്സിലാക്കുന്നത്. പുകവലിക്കാരുടെ രക്തത്തില്‍ ധാരാളം കോടിനിന്‍ ഉണ്ടാകും. പുതിയ ചികില്‍സ വഴി ഇതിന്റെ അളവ് കുറയ്ക്കാനും സഹായിക്കും എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here