കേരള ബാങ്കിന് റിസര്‍വ് ബാങ്ക് പ്രഹരം; സി ക്ലാസിലേക്ക് തരം താഴ്ത്തി; വായ്പകള്‍ക്ക് നിയന്ത്രണം

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് റിസർവ് ബാങ്ക് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നബാര്‍ഡ് റിപ്പോര്‍ട്ടിന്‍റെഅടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.
25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്ന് കേരള ബാങ്കിന് അയച്ച കത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണ സമിതിയിൽ രാഷ്ട്രീയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്തുപോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.
വിവിധ സര്‍ക്കാര്‍ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടിയിട്ടുണ്ട്. രണ്ട് ലക്ഷത്തിൽ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിൻ മേൽ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here